സ്‌കൂട്ടറില്‍ കറങ്ങി മാല മോഷണം, യുവ ദമ്പതികള്‍ അറസ്റ്റില്‍

Crime

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്പതികള്‍ പിടിയില്‍. കുപ്പണ വയലില്‍ വീട്ടില്‍ ജീവന്‍(20), ഭാര്യ തൃക്കടവൂര്‍ വില്ലേജില്‍ കുരീപ്പുഴ, ലത ഭവനില്‍ അഞ്ജന(18) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. തേവലക്കര സ്വദേശിനിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അകത്തായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് ഇവര്‍ തേവലക്കര സ്വദേശിനിയുടെ മാല മോഷ്ടിച്ചത്. കാവനാട് കുരീപ്പുഴ പാലത്തിലുടെ സ്‌കൂട്ടറില്‍ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ താലി അടങ്ങിയ മാലയാണ് ഇവര്‍ കവര്‍ന്നത്. സ്‌കൂട്ടറില്‍ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തില്‍ നിന്നും തള്ളി താഴെയിട്ടായിരുന്നു സ്ഥലം വിട്ടത്. അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും നിരീക്ഷണ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.