തിരുവനന്തപുരം: പ്രണയം നടിച്ച് മൊബൈലും പണവും മറ്റും കൈക്കലാക്കിയ ശേഷം കാമുകി കാലുമാറിയതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി. പെണ്‍കുട്ടിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി. നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി മിഥു മോഹന്‍ (23) ആത്മഹത്യാ ചെയ്ത സംഭവത്തിലാണ് പ്രണയ പരാജയമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
യുവാവ് അഞ്ചു വര്‍ഷമായി നെയ്യാറ്റിന്‍കര സ്വദേശി തന്നെയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടി വിവാഹ വാഗ്ദാനം നല്‍കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാം വാങ്ങി നല്‍കിയതും മിഥുവാണെന്നു ബന്ധുക്കള്‍ പറയുന്നു.
കായിക താരമായയിരുന്നു മിഥു. ഇരു വീട്ടുകാരുടേയും സമ്മതത്തില്‍ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതിനു ശേഷം മിഥു മാനസികമായി തളര്‍ന്ന അവസ്ഥയിലായി. തുടര്‍ന്ന് മിഥുവിന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല എന്നും തുടര്‍ന്നു മിഥു മോഹനെ ഫോണില്‍ വിളിച്ച് നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.