കവിതയിലെ ഒരു വരിയിൽ ഉപയോഗിക്കാൻ ഒരു വാക്കിന് ആവശ്യമായ ശരാശരി താപനില

Articles

ഹേമന്ത് ദിവേ -Hemant Divate (മറാത്തി)
വിവർത്തനം / എ പ്രതാപൻ

കവിതയിലെ ഒരു വരിയിൽ ഉപയോഗിക്കാൻ
ഒരു വാക്കിന് ആവശ്യമായ
ശരാശരി താപനില എത്ര?
ഒരു കവിതയിൽ ഞാനീ
പരീക്ഷണം നടത്തി നോക്കി.
കക്ഷങ്ങളിൽ തെർമോമീറ്റർ തിരുകി
വാക്കുകളെ വരികളിൽ വെച്ചു.
വാക്കുകൾക്കുള്ളിലും പുറത്തുമുള്ള താപനിലകളുടെ വ്യത്യാസം
വരികളിലെ കാലാവസ്ഥയെ
പ്രതികൂലമായി ബാധിച്ചു,
അൽപ നേരത്തിനുള്ളിൽ
ഒരു കൊടുങ്കാറ്റിന്റെ അന്തരീക്ഷം
രൂപപ്പെട്ടു.


ശക്തമായ അർത്ഥങ്ങളുള്ള വരികൾ
ദുർബ്ബലമായ അർത്ഥങ്ങളുള്ള വരികളിൽ ചെലുത്തുന്ന മർദ്ദങ്ങൾ , അതുണ്ടാക്കുന്ന കുരുക്കുകൾ,
അതിൽ കാൽ വെക്കുമ്പോൾ വഴുതി കൂട്ടക്ഷരങ്ങൾക്ക് മേൽ
കാൽ തെറ്റി വീഴാനുള്ള
സാദ്ധ്യതയെ ഞാൻ ഭയപ്പെട്ടു.
അല്ലെങ്കിൽ പുതുതായി എഴുതാനിരിക്കുന്ന ഒരു കവിതയിൽ അനുഭവങ്ങളുടെ അടിസ്ഥാനമില്ലാത്ത
ഒരു മുഴുവൻ വരി എന്റെ മേൽ
ഇടിഞ്ഞു വീണാലോയെന്ന് ,
ന്യൂന മർദ്ദത്തിലുള്ള
അർത്ഥശൂന്യമായ ഒരു വാക്ക്,
ഒഴിവാക്കപ്പെട്ട ഒരു വാക്ക്,
എന്റെ മേൽ പതിച്ചാലോയെന്ന് .
പേടിച്ച് വിസമ്മതത്തോടെയെങ്കിലും
കവിതയെഴുതാനുള്ള ഈ പരീക്ഷണം
ഞാൻ നിർത്താൻ പോകുകയാണ്,
ഈ പരീക്ഷണശാല ഞാൻ
അടച്ചു പൂട്ടുകയാണ്.