മനുഷ്യരെ മനുഷ്യര്‍ കൊല്ലുന്നതിന് ഞാന്‍ എതിരാണ്, കോടതിയോ ഭരണകൂടമോ ആളുകളെ വധിക്കുന്നത് ശരിയല്ല

Articles

ചിന്ത / എസ് ജോസഫ്

തൊരു കുറ്റവാളിയേയും തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ കഴുത്തറുത്ത് കൊല്ലുകയോ കല്ലെറിഞ്ഞു കൊല്ലുകയോ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഭൂമിയില്‍ എല്ലാവരും ഏതെങ്കിലും തരത്തില്‍ കുറ്റവാളികള്‍ ആണെന്നാണ് എന്റെ അനുഭവം. പ്രത്യക്ഷകുറ്റവാളികള്‍ പരോക്ഷ കുറ്റവാളികള്‍ എന്ന് രണ്ടു തരം മനുഷ്യരുണ്ട്. ഒരാള്‍ പ്രത്യക്ഷ കുറ്റവാളിയാകുന്നത് വിസിബിലിറ്റി (ദൃശ്യത) കൊണ്ടാണ്. ദൃശ്യതയില്ലെങ്കില്‍ അയാള്‍ കുറ്റവാളിയാകുകയില്ല.

കുറ്റകൃത്യം എന്നത് മറ്റുള്ളവരുടെ കാഴ്ചയും ധാരണയുമാണ്. നിയമപരിധിയിലേ കുറ്റമുള്ളു. കുറ്റകൃത്യം എന്നത് തെളിവാണ്. സംശയം അല്ല. സംശയത്തിന് ആനുകൂല്യം ഉണ്ട്. വ്യക്തമായ തെളിവുകള്‍ വേണം ശിക്ഷിക്കാന്‍. അതുകൊണ്ട് വിശ്വസനീയവും വസ്തുനിഷ്ഠവുമായ തെളിവുകള്‍ ഉണ്ടാക്കുന്നു. അത് കള്ളത്തെളിവും ആകാം. വിശ്വസനീയമാകണമെന്നേയുള്ളു. ശിക്ഷ വാങ്ങിക്കൊടുക്കും എന്നൊക്കെ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ നന്മയും തിന്‍മയുമില്ല. ചൊവ്വാപോലെ ഒരു ഗ്രഹമാണ് ഭൂമി . ചൊവ്വയില്‍ നന്മ തിന്മകള്‍ ഇല്ലാത്ത പോലെ ഭൂമിയിലും നന്മതിന്മകള്‍ ഇല്ല. നമ്മ തന്നെ ഒരു ദൃശ്യതയാണ്. പരസ്യപ്പെടുത്തലാണ്. ആ ദ്യശ്യതയുടെ, പരസ്യത്തിന്റെ വൈരുദ്ധ്യമായി തിന്മയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, മതം എന്നിവ നന്മകളെ പരസ്യപ്പെടുത്തുന്നു. അവരുടെ തിന്മകള്‍ ( കോഴപ്പണം, അമിതമായ ചികിത്സാ ചെലവ്, ജാതിവിവേചനം , മതവിവേചനം എന്നിവ ) തിന്മകള്‍ അല്ലാതാകുന്നു.

സാഹചര്യങ്ങള്‍ മൂലവും ജന്മനാ ഉള്ള സഭാവ ദൂഷ്യം മൂലവും കുറ്റവാളിയാകുന്നുണ്ട് ചിലര്‍. കൊലപാതകങ്ങള്‍ വികാരക്ഷോഭങ്ങള്‍ കൊണ്ട് പെട്ടെന്ന് സംഭവിക്കുന്നതും പ്രതികാരമായിട്ടുള്ളതും ഉണ്ട്. പ്രതികാരം അവസരം കാത്തിരിക്കുന്നു. ആസൂത്രിതമാണ് അത്. കാത്തിരിപ്പും ലക്ഷ്യം കണ്ടെത്തലുമാണ്. സാഹചര്യം എന്നത് സാമൂഹ്യസാഹചര്യമാണ്. ഒരു ക്രിമിനല്‍ സാഹചര്യമാണ് ഇന്ത്യയില്‍ പലയിടത്തും ഇന്നുള്ളത്. എവിടേയും ഭയവും ഉണ്ട്. ഭാഗ്യം കൊണ്ട് ജീവിക്കുന്നവര്‍ ഉണ്ട്. ക്രിമിനല്‍ ലോകത്തെ ഭയന്ന് സുരക്ഷിതരാകുന്നവര്‍ ഉണ്ട്. മോഷണം, പിടിച്ചു പറി, ചതി, വഞ്ചന, സ്ത്രീപീഡനം, കൊലപാതകം, ദളിത്, ആദിവാസി പീഡനം, അവഹേളനം, തെറി വിളി എന്നിങ്ങനെ തിന്മകള്‍. കൊടും കുറ്റവാളികളെയാണ് കോടതികള്‍, ഭരണകൂടം തൂക്കിക്കൊല്ലുന്നത്. ഭരണകൂട ഭീകരതയായും അത് വരാം. ഭരണത്തെ വിമര്‍ശിച്ചാല്‍ അങ്ങനെ സംഭവിക്കും.

ചിലരാജ്യങ്ങളില്‍ കഴുത്തു വെട്ടുന്നു. മരുന്ന് കുത്തിവച്ച് കൊല്ലുന്ന രാജ്യങ്ങള്‍ ഉണ്ട്. വെടിവച്ചു കൊല്ലുന്ന രാജ്യങ്ങളും ഉണ്ട്. ഇതുകൊണ്ട് സമൂഹം ഒരു പാഠവും പഠിക്കുന്നില്ല. അപൂര്‍വം ചില രാജ്യങ്ങളില്‍ ഒഴിച്ച് കുറ്റകൃത്യങ്ങള്‍ കുറയുന്നുമില്ല. ഭൂമിയിലെ എല്ലാ ജീവികളും ജീവനില്ലാത്ത വയും ഭൂമിയുടേതാണ്. അതിനുമീതേ ഭൂമിയെ നിയന്ത്രിക്കുന്ന മനുഷ്യരുണ്ട്. ഭരണകൂടവും സ്വകാര്യ മുതലാളിത്തവും അങ്ങനെ ചെയ്യുന്നു. മനുഷ്യരല്ലാത്തവയ്ക്കുമേല്‍ എല്ലാ മനുഷ്യരും വിധി നടപ്പാക്കുന്നു. ആന , കടുവ , കാട്ടുപോത്ത് , കുറുക്കന്‍ , കേഴ, മയില്‍ , പാമ്പ് എന്നീ ജീവജാലങ്ങള്‍ കുറ്റവാളികള്‍ ആകുന്നു. പാറ്റ, പല്ലി , എലി എന്നിവര്‍ സ്ഥിരം കുറ്റവാളികള്‍ ആണ്. ഭൂമിക്കുമേല്‍ സ്വകാര്യ സ്വത്തു രൂപപ്പെട്ടപ്പോള്‍ അതിക്രമിച്ചു കടക്കുന്നവര്‍ എല്ലാം കുറ്റവാളികള്‍ ആയി . ശബരിമലയും സ്ത്രീകളെ സംബന്ധിച്ച് സ്വകാര്യ സ്വത്താണ്. കൊല്ലരുത് എന്ന് ബുദ്ധനും ക്രിസ്തുവും പറഞ്ഞു. ക്രിസ്തു പറഞ്ഞത് ഒട്ടും പാലിക്കാത്ത സമൂഹമാണ് ക്രിസ്ത്യാനികള്‍. പ്രത്യേകിച്ച് യൂറോപ്പുകാര്‍.

ഞാന്‍ ഒരു തരത്തിലുള്ള ഹിംസയെയും അംഗീകരിക്കുന്നില്ല. എന്നാല്‍ ഭക്ഷണത്തിന് വേണ്ടിയുള്ള ഹിംസയെ എതിര്‍ക്കുന്നില്ല. കാരണം പ്രകൃതിതന്നെ അംഗീകരിച്ച ഹിംസയാണത്. എന്നാല്‍ ഭക്ഷണത്തില്ലാതെ മൃഗങ്ങളെയും മത്സ്യങ്ങളെയും കൊല്ലേണ്ട കാര്യമില്ല. മനുഷ്യരെ മനുഷ്യര്‍ കൊല്ലുന്നതിന് ഞാന്‍ എതിരാണ്. കോടതിയോ ഭരണകൂടമോ ഒരാളെ കൊല്ലുന്നത് ശരിയല്ല എന്ന് ഞാന്‍ കരുതുന്നു. അത് മറ്റൊരു കൊലപാതകമാണ്. ഉത്തര്‍പ്രദേശിലെ എന്‍കൗണ്ടര്‍ രീതികളും പ്രാകൃതമാണ്.