രാഹുല്‍ മാങ്കൂട്ടത്തിന്‍റെ കസ്റ്റഡി കേരളത്തിന് അപമാനം

Articles

നിരീക്ഷണം /ഡോ: ആസാദ്

കോണ്‍ഗ്രസ്സിനെയും യു ഡി എഫിനെയും ശക്തിപ്പെടുത്താന്‍ ഒരുപാട് അദ്ധ്വാനിക്കുന്നുണ്ട് പിണറായി സര്‍ക്കാറും സി പി എമ്മും. കോണ്‍ഗ്രസ്സിന് തിളക്കമുള്ള നേതാക്കളെ സൃഷ്ടിച്ചു നല്‍കാനുള്ള ശ്രമം തരക്കേടില്ല. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ യു ഡി എഫ് പ്രവര്‍ത്തകരെയാകെ ഇളക്കി കര്‍മ്മോന്മുഖരാക്കാനുള്ള രാഷ്ട്രീയ നീക്കം ‘ഇന്ത്യാ’മുന്നണിക്കു തന്നെ കരുത്തേകും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഒരു മോഷ്ടാവിനെയോ ഭീകരവാദിയെയോ അറസ്റ്റ് ചെയ്യുന്നതുപോലെ പുലര്‍ച്ചെ വീടു വളഞ്ഞ് പിടികൂടിയത് കേരളത്തിന് ആകെ അപമാനകരമാണ്.

ജനനേതാക്കളോട് ജനാധിപത്യത്തില്‍ പുലര്‍ത്തുന്ന സമീപനമല്ല കണ്ടത്. ഇത് ഫാഷിസ്റ്റ് രീതിയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിനും കേരള സംസ്ഥാന ആഭ്യന്തര വകുപ്പിനും ഒരേ മേലാളരാണ് ഉള്ളതെന്ന് തോന്നുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം മുതല്‍ നാം ഇതു കാണുന്നു. യു എ പി എ ചുമത്താനുള്ള അമിതാവേശവും പൊലീസിന് അമിതാധികാരം നല്‍കാനുള്ള ശ്രമവും നാം കണ്ടതാണ്. ഇത് ഒരു ജനാധിപത്യ സര്‍ക്കാറിനും ഭൂഷണമല്ല.

നിയമം ലംഘിച്ചാല്‍ ആരായാലും ശിക്ഷ അനുഭവിക്കണം എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ നയപ്രഖ്യാപനം നടത്തുന്നതു കേട്ടു. അദ്ദേഹവും സഖാക്കളും നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടം കേരളം നേരിട്ടു കണ്ടതാണ്. അതില്‍ ഒരു ഖേദപ്രകടനവും ഇന്നോളം നടത്തിക്കണ്ടില്ല. ആരും ആരെയും വീടു വളഞ്ഞു അറസ്റ്റ് ചെയ്തതും കണ്ടില്ല. സി പി എമ്മും വര്‍ഗബഹുജന സംഘടനകളും നടത്തിയ സമരങ്ങളില്‍ കണ്ട അത്രയും അക്രമങ്ങളും നാശനഷ്ടങ്ങളും മറ്റാരെങ്കിലും കേരളത്തില്‍ ഇന്നോളം വരുത്തിയിട്ടില്ല. അതൊക്കെ സമരങ്ങളില്‍ വന്നുപെടുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്നൊന്നും ഒരു പൊലീസും ഈ സമീപനം സ്വീകരിച്ചിട്ടില്ല.

രാജ്യം ഭരിക്കുന്നത് സി പി എമ്മല്ല. ഇതര സംസ്ഥാനങ്ങളില്‍ പൊലീസിന്റെ ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ കടന്നുകയറ്റങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന ഘടകങ്ങളാണ് സി പി എമ്മിനുള്ളത്. വലത് മുതലാളിത്ത ഭരണകൂടങ്ങള്‍ ഏകാധിപത്യത്തിലേക്കു നീങ്ങുമ്പോഴാണ് ഇത്തരം ഭീകരാതിക്രമം ഉണ്ടാവുന്നത്. കേന്ദ്ര ഫാഷിസ്റ്റ് നയത്തിന്റെ നടത്തിപ്പുകാരായി കേരളസര്‍ക്കാര്‍ മാറിയിരിക്കുന്നു. ലജ്ജാകരമായ അവസ്ഥയാണിത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവനേതാവിനെ തടവിലടക്കാനുള്ള ഹീനമായ നീക്കം കനത്ത തിരിച്ചടിയുണ്ടാക്കും എന്ന് ഓര്‍ക്കുന്നത് നന്ന്. എല്ലാ കാലത്തും അധികാരവും അകമ്പടിയും ആര്‍ക്കും കൊണ്ടു നടക്കാനാവില്ല. അതില്‍ ഭ്രമിച്ചുള്ള ഭ്രാന്ത് നിര്‍ത്തുന്നതാണ് നല്ലത്.