ഇടുക്കി: വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസിനെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശിയായ ശ്രീദേവിയെ കഴിഞ്ഞ ജൂലൈ ഒന്നിനാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്താണ് ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് ജോലി ചെയ്യുന്നത്. ശ്രീദേവിയും രണ്ടുമക്കളും പാലായില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം ഉച്ചയോടെ തന്റെ വീട്ടിലെത്തിയാണ് ശ്രീദേവി ജീവനൊടുക്കിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതില്‍ അയ്യപ്പന്‍ കോവില്‍ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് ഇടയാക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു.
ശ്രീദേവി കുടുംബ വീട്ടില്‍ വരുമ്പോള്‍ പ്രമോദിന്റെ ഓട്ടോയായിരുന്നു ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ടായിരുന്നത്. പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത ഇത് സംശയത്തോടെ കാണുകയും നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ശല്യം ചെയ്തിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെ ശ്രീദേവിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒന്നാം പ്രതിയായി പ്രമോദ് വര്‍ഗീസിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്രമോദിന്റെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ സ്മിതയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീദേവിയുടെ ഫോണ്‍ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.