ഉപഭോഗം ഉള്ളിടത്ത് നികുതി കിട്ടുന്നില്ലെങ്കില്‍ കാരണം ചികയേണ്ടത് അലംഭാവത്തിലും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയിലുമാണ്, അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കിത് മനസ്സിലാകും

Articles

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍

(പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ന്യായീകരണ തൊഴിലാളിയാകുമ്പോള്‍, പരമ്പര ഭാഗം 2 )

പ്രൊഫസര്‍ K. P കണ്ണന്‍ അഭിമുഖത്തില്‍ ഇന്നത്തെ ധനപ്രതിസന്ധിയും നികുതി പിരിവില്‍ ഉണ്ടായിട്ടുള്ള കുറവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്. സത്യത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് തനതു വിഭവസമാഹരണം എന്താണെന്ന് ആ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം. ഒരു സംസ്ഥാനത്തിന് ഭൂനികുതി, stamps and registration, വാഹനനികുതി, state excise, കാര്‍ഷികാദായ നികുതി എന്നിങ്ങനെ പല നികുതികള്‍ ഉണ്ട്. നികുതിയിതര വരുമാന മാര്‍ഗങ്ങളായി ഭാഗ്യക്കുറി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ലാഭവിഹിതം, ഖനനത്തിന്മേലുള്ള റോയല്‍റ്റി, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം എന്നുതുടങ്ങി വലുതും ചെറുതുമായ പലതുമുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തി അതോടൊപ്പം കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരിയും ഗ്രാന്റുകളും കൂട്ടിച്ചേര്‍ത്ത് revenue ചെലവുകള്‍ നികത്താനുള്ള വരുമാനം കണ്ടെത്താനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

ഈ കാര്യത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി സംഭവിച്ച പരാജയത്തിന്റെ ചിത്രം എന്റെ Economic and Pilitical Weekly യില്‍ പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ ആര്‍ട്ടിക്കിള്‍ വരച്ചുകാണിക്കുന്നുണ്ട്. നമ്മുടെ മെമ്പര്‍ അത് കണ്ടിട്ടില്ല. ആളോഹരി ഉപഭോഗത്തില്‍ പ്രധാന സംസ്ഥാനങ്ങള്‍ക്കിടയില്‍എട്ടാം സ്ഥാനത്തു നിന്നു 199900 മുതല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളം non-food ഇനങ്ങള്‍, പ്രത്യേകിച്ച് സ്വര്‍ണം ഉള്‍പ്പടെ ഉള്ള ആഡംബര വസ്തുക്കളുടെ ഇന്ത്യയിലെ തന്നെ ഉപഭോഗകേന്ദ്രമാണ്. പക്ഷെ കേരളം സമാഹരിക്കുന്ന തനതുവരുമാനത്തിന്റെ ഏകദേശം 61% എവിടെനിന്നാണ് എന്നല്ലേ? പെട്രോള്‍, മദ്യം, മോട്ടോര്‍ വാഹനങ്ങള്‍, ലോട്ടറി എന്നീ നാല് ഇനങ്ങളില്‍നിന്നാണ്. ഇതില്‍ ആദ്യത്തെ രണ്ടും പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നവയാണ്. മോട്ടോര്‍ വാഹനങ്ങളിലും നികുതി വെട്ടിപ്പ് അസാധ്യം ആണ്. കാരണം MV act പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നികുതി അടച്ചിരിക്കണം. ലോട്ടറി സര്‍ക്കാരിന്റേതാണ്.

പറഞ്ഞുവരുന്നത് ഇതാണ്, നികുതി വെട്ടിപ്പ് ഇല്ലാത്തിടത്തുനിന്ന് കിട്ടുന്നതാണ് മുഖ്യം. മറ്റെല്ലാ സ്രോതസ്സുകളില്‍നിന്നും കിട്ടുന്നത് 40% താഴെ മാത്രം. കേരളത്തിലെ മത്സരിച്ചുള്ള മുന്നണി ഭരണം സൃഷ്ടിച്ച ഈ വിനയുടെ പശ്ചാത്തലത്തില്‍ വേണം പ്രൊഫസര്‍ കണ്ണന്റെ അഭിപ്രായം കണക്കിലെടുക്കാന്‍. ഈ കാട് കാണാതെ സംസ്ഥാനത്തിന്റെ ഒരു വരുമാന സ്രോതസ്സ് മാത്രമായ GST എന്ന മരത്തില്‍ മാത്രമാണ് മെമ്പറുടെ കണ്ണ്. മറ്റ് നികുതി നികുതിയിതര സ്രോതസ്സുകളെ കുറിച്ച് പറയുന്നത് പോലുമില്ല. GST യുടെ കാര്യത്തില്‍തന്നെ ചില നികുതി സ്രോതസ്സകള്‍ GST യില്‍ ലയിച്ചത് കൊണ്ട് സംസ്ഥാനത്തിന് നഷ്ടം വന്നു എന്ന വാദം ഒരു പരിധിവരെ ശരിയാണ്. പക്ഷെ GST വന്നതോടെ സേവനങ്ങളുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനത്തിന് കിട്ടിയെന്ന കാര്യം മിണ്ടുന്നില്ല. GST യില്‍ നികുതി നിരക്കുകള്‍ കുറഞ്ഞു. ശരി തന്നെ. അതുകൊണ്ടാണോ GST വരുമാനം വര്‍ധിക്കാത്തത്?

സത്യമെന്താണ്? GST വന്നു, അഞ്ച് വര്‍ഷം നഷ്ടപരിഹാരം കിട്ടും. ഓരോ വര്‍ഷവും തലേവര്‍ഷത്തെക്കാള്‍ 14% വളര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ കുറവ് വരുന്നത് നഷ്ടപരിഹാരമായി അഞ്ച് വര്‍ഷം കേന്ദ്രം തരും. ചുമ്മാ എന്തിന് നികുതി പിരിക്കാന്‍ ഇറങ്ങി വ്യാപാരി സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തണം.? അഞ്ച് വര്‍ഷം നന്നായി ഉഴപ്പി. നഷ്ടപരിഹാരം നീട്ടണം എന്ന് അപേക്ഷിച്ചു. നീട്ടും എന്ന് കരുതി. ഉണ്ടായില്ല. ഗത്യന്തരമില്ലാതെ നികുതി പിരിവിനു ഇറങ്ങിയപ്പോള്‍ വര്‍ധന 25%. സത്യത്തില്‍ നഷ്ടപരിഹാരം എന്ന പരിപാടി ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധി തന്നെ ഒഴിവായേനെ.

ബഹുമാനപ്പെട്ട മെമ്പറുടെ അഭിപ്രായത്തില്‍ സംസ്ഥാനങ്ങളുടെ സ്വയം ഭരണ അവകാശത്തില്‍ കേന്ദ്രം കൈ ഇടുകയാണ്. സ്വയംഭരണ അവകാശം എന്നത് ഭരണ ഘടന നല്‍കുന്ന അധികാരങ്ങള്‍ പ്രയോജനപ്പെടുത്തി വിഭവ സമാഹരണം നടത്തിയാണ് സംരക്ഷിക്കേണ്ടത്. വളരെ ലളിതമായി ആര്‍ക്കും മനസ്സിലാക്കാവുന്ന ഈ കാര്യം തിരിച്ചറിയുന്നില്ല. എന്നിട്ട് കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ മൂലം നികുതി പിരിവ് പാടാണത്രേ. ആഭ്യന്തര ഉത്പാദന വളര്‍ച്ചയോടൊപ്പം നികുതി വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ഉത്പാദനം ഇവിടെത്തന്നെ നടക്കണം പോലും. ഒരു രണ്ടാം വ്യവസായ വിപ്ലവം കേരളത്തില്‍ നടന്നില്ലെങ്കില്‍ കേരളത്തിന്റെ കാര്യം പോക്കാണ്. മന്ത്രി രാജീവ് make in കേരള പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഭാവിയില്‍ പ്രതീക്ഷിക്കാം. ഏടഠ ഒരു ഉപഭോഗ നികുതിയാണ്. ഉപഭോഗം നടക്കുന്നിടത്തു നികുതി കിട്ടുന്നില്ലെങ്കില്‍ അതിന്റെ കാരണം തിരയേണ്ടത് നികുതി പിരിവിലെ അലംഭാവത്തിലും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയിലുമാണ്. ഇത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസ്സിലാകും.

ആര്‍ട്ട് സിനിമ പോലെ, അബ്‌സ്ട്രാക്ട് പെയിന്റിംഗുകള്‍ പോലെ സങ്കീര്‍ണം ആയി പറഞ്ഞാല്‍ അല്ലേ ബുദ്ധിജീവി ആവുകയുള്ളു.

ഏതായാലും തലയില്‍ substance ഉള്ള കുറച്ചുപേര്‍ക്ക് ഇദ്ദേഹത്തിന്റെ വിശദീകരണം ക്ഷ ബോധ്യപ്പെട്ടു. അത്രയും ഭാഗ്യം.