അപ്പോള്‍, അന്‍സിലിന്‍റേതെന്ന പേരില്‍ നമ്മള്‍ കണ്ട സര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയതാണ് ? സര്‍വ്വകലാശാലയ്ക്കും പൊലീസിനും അതറിയാന്‍ താല്പര്യമില്ലേ?

Articles

നിരീക്ഷണം / ഡോ: ആസാദ്

അന്‍സില്‍ ജലീലിനെതിരെ കേരള സര്‍വ്വകലാശാലാ രജിസ്ത്രാര്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയത്രെ. എന്തായിരുന്നു പരാതി? കേരള സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നതായിരുന്നില്ലേ? ആ സര്‍ട്ടിഫിക്കറ്റ് നമ്മളെല്ലാം മാദ്ധ്യമങ്ങളില്‍ കാണുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് പറയുന്നത് അന്‍സില്‍ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയില്ലെന്നാണ്.

അപ്പോള്‍ നമ്മള്‍ കണ്ട സര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയതാണ്? കേരള സര്‍വ്വകലാശാലക്കും കേരള പൊലീസിനും അതറിയാന്‍ താല്‍പ്പര്യമില്ലേ? അതു സംബന്ധിച്ച് എന്ത് അന്വേഷണമാണ് നടക്കുന്നത്? അന്‍സിലല്ല നിര്‍മ്മിച്ചതെങ്കില്‍ കേരള സര്‍വ്വകലാശാലക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതില്‍ പരാതിയില്ലെന്ന് ധരിക്കണമോ?

സര്‍ക്കാറിനോ ഭരണകക്ഷിക്കോ അന്‍സിലിനെ കുടുക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കുമായിരുന്നോ എന്ന് ഒരു രാഷ്ട്രീയവിനീതന്‍ ചോദിക്കുന്നതു കേട്ടു. ആ കേസ് അന്വേഷിച്ചു മുന്നോട്ടുപോയാല്‍ കോടതിയില്‍ യഥാര്‍ത്ഥ കുറ്റവാളിയുടെ മുഖം തെളിഞ്ഞു വരും എന്ന ഭീതിയല്ലേ ഭരണകക്ഷിയെയും ആഭ്യന്തര വകുപ്പിനെയും ഇങ്ങനെയൊരു റിപ്പോര്‍ട്ടില്‍ വിഷയം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്? അല്ലെങ്കില്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച പ്രതികളെയും അതു പ്രസിദ്ധീകരിച്ച മാദ്ധ്യമത്തെയും അവരുടെ ഗൂഢാലോചനകളില്‍ പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

കേരള സര്‍വ്വകലാശാലയും ആഭ്യന്തരവകുപ്പും ഒരു കുറ്റകൃത്യം മറച്ചു വെക്കാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനും അവസരമുണ്ടാക്കില്ല എന്നു കരുതാനാണ് എനിക്കു താല്‍പ്പര്യം. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.