രണ്ട് മിനിറ്റ് മൗനം

Articles

വിവർത്തനം , കുറിപ്പ് / എ പ്രതാപൻ

മലയാളികൾ തോറ്റ ഒരു ജനതയാണെന്ന് എഴുതി വെച്ച് , പണ്ട്, തീവണ്ടിപ്പാളത്തിൽ തലവെച്ച് മരിച്ച ഒരു ചെറുപ്പക്കാരനെ തൃശ്ശൂരിൽ നിന്ന് വടക്കോട്ടുള്ള തീവണ്ടി യാത്രകളിൽ ഞാൻ ഓർക്കാറുണ്ട്, ഈയിടെ കൂടുതലായി. തോൽവികളുടേയും അപമാനത്തിൻ്റെയും ദിവസങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പലപ്പോഴും കടന്നു വരും. തോൽവികളെ തോൽവികളായി മനസ്സിലാക്കലും പ്രധാനം. ഞാൻ താമസിക്കുന്ന സ്ഥലത്ത് ടെലിവിഷൻ ഇല്ല. ഒരു പത്രം വരുത്തുന്നത് വായിക്കുന്നത് അമ്മയാണ്. ഇത് ശരിയാണോ എന്നറിയില്ല, പക്ഷേ ഈ കാണായ്കയും വായിക്കായ്കയും എനിക്ക് സമാധാനം തരുന്ന കാര്യങ്ങളാണ്. ഫേസ് ബുക്കിലെ ഈ എഴുത്തും കാര്യമുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ലോകം കൂടുതൽ ഇരുണ്ടു വരുന്നു. ഇതു പോലുള്ള കാലങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ മറി കടക്കാൻ എത്രയോ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യർ അവരുടെ ജീവൻ കൊടുത്തു. വിവരവും വിദ്യാഭ്യാസവുമൊന്നുമില്ലെന്ന് നമ്മൾ കരുതിയ ഉത്തരേന്ത്യയിലെ സാധാരണ മനുഷ്യരാണ് മുമ്പൊരിക്കൽ നമ്മുടെ നാടിനെ അടിയന്തിരാവസ്ഥയിൽ നിന്ന് രക്ഷിച്ചത്. എന്നും സാധാരണ മനുഷ്യരിൽ തന്നെയാണ് ലോകത്തിൻ്റെ പ്രതീക്ഷ .
ഫേസ് ബുക്ക് എന്നെ മടുപ്പിക്കുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. ഒട്ടും ആഴമില്ലാത്ത ആഘോഷങ്ങൾ അരങ്ങ് തകർക്കുന്ന പോലെ തോന്നുന്നു, ഞാനും അതിൻ്റെ ഭാഗമാണ്. കുറച്ചു കാലം ഈ ബഹളത്തിൽ നിന്ന് മാറി നിൽക്കണം എന്ന് വീണ്ടും വീണ്ടും തോന്നുന്നു.
വീണ്ടും പറയട്ടെ, എനിക്ക് പ്രതീക്ഷയുണ്ട്, ഈ ലോകത്തിലെ സാധാരണ മനുഷ്യരിൽ .

ബീഹാറിൽ നിന്നുള്ള സി.എൽ. ഖത്രി എന്ന കവി എഴുതിയ “രണ്ട് മിനിറ്റ് മൗനം” എന്ന കവിത ഞാൻ ഇന്നാണ് വായിച്ചത്. ആ കവിതയുടെ സന്ദർഭം എനിക്ക് അറിയില്ല. പക്ഷേ നമ്മുടെ ഈ സന്ദർഭത്തിൽ ആ കവിത പ്രധാനം എന്ന് തോന്നുന്നതിനാൽ ഞാൻ അത് പങ്കുവെക്കുന്നു.

കവിത

രണ്ട് മിനിറ്റ് മൗനം

സി.എൽ. ഖത്രി ( ഹിന്ദി)

ഇന്ത്യാക്കാരായ സഹോദരീ സഹോദരന്മാരേ,
നമുക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാം
കടപുഴകിയ ഉച്ചഭാഷിണിയോർത്ത്
പാർലിമെൻ്റിലെ തകർന്ന കസേരയോർത്ത്
ഭരണഘടനയുടെ കീറിയ താളുകളോർത്ത്.

ഇന്ത്യാക്കാരായ മാതാപിതാക്കന്മാരേ,
നമുക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാം
നിങ്ങളുടെ മരണത്തിൽ
നിങ്ങളുടെ ഭയങ്ങളുടെ മരണത്തിൽ
നിങ്ങളുടെ പ്രതിജ്ഞകളേയും
മൂല്യങ്ങളേയും ആദരിച്ചു കൊണ്ട് .

മഹതികളേ, മാന്യന്മാരേ,
നമുക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാം
മുണ്ടിൻ്റെയും തലേക്കെട്ടിൻ്റെയും മരണത്തിൽ
ചക്രങ്ങൾ തള്ളിമാറ്റിയ കാളകൾക്കും
പണിക്കാർക്കും വേണ്ടി
ഛേദിക്കപ്പെട്ട കൈകൾക്കും
മുടന്തുന്ന കാലുകൾക്കുമായി .

സുഹൃത്തുക്കളേ, എന്നോടൊപ്പം നിൽക്കൂ,
രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ
ഈ ശ്രേഷ്ഠ മഹാ സംസ്കൃതിക്കായി
പുകൾപെറ്റ ഈ നൂറ്റാണ്ടിനായി
അതിൻ്റെ ഗംഭീര വാഗ്ദാനങ്ങൾക്കായി .

നമുക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാം
ഇടുങ്ങിക്കൊണ്ടിരിക്കുന്ന
ഇടങ്ങൾക്ക് വേണ്ടി
സങ്കോചിക്കുന്ന സൂര്യന് വേണ്ടി
പുണ്യനദികളിലെ നാറുന്ന
ജലത്തിന് വേണ്ടി
ഉറങ്ങുന്ന പക്ഷികൾക്കും
പൊഴിയുന്ന ഇലകൾക്കും വേണ്ടി
കലഹിക്കുന്ന ബന്ധുക്കൾക്കായി
കഷണങ്ങളാക്കുന്ന
തണ്ണിമത്തന് വേണ്ടി .

ആരോ എൻ്റെ ചെവിയിൽ മന്ത്രിക്കുന്നു,
ഒരു മിനിറ്റ് പോരേ……..?