പിണങ്ങിക്കഴിയവെ ഭാര്യയുടെ വീട് കുത്തിത്തുറന്ന് മോഷണം, കേരളം വിടാനൊരുങ്ങവെ പൊലീസ് പിടിയിലായി

Alappuzha Crime

ആലപ്പുഴ: വെണ്‍മണിയില്‍ സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയിലായി. ബിനോയ് ഭവനത്തില്‍ മിനിയുടെ വീട് കുത്തിത്തുറന്ന് ഭര്‍ത്താവ് ബെഞ്ചിമിന്‍ (54) സ്വര്‍ണവും പണവും കവരുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 സ്വര്‍ണമാലകളും ഒരു സ്വര്‍ണമോതിരവും 5 സ്വര്‍ണവളകളും ഉള്‍പ്പെടെ 11 പവന്‍ ആഭരണങ്ങളും അയ്യായിരത്തോളം രൂപയും അടിച്ചുമാറ്റിയത്.

ബെഞ്ചിമിന്‍ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ നിന്നും മാറിത്താമസിച്ചുവരികയായിരുന്നു. നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിയ്ക്ക് പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്ന പരാതി കിട്ടപ്പോള്‍ തന്നെ ബഞ്ചമിനെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം പ്രതി നില്‍ക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ വെണ്മണി പൊലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ആന്റണി ബി ജെ, അരുണ്‍കുമാര്‍ എ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍, ജയരാജ്, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.