കുഞ്ഞുങ്ങളുടെ പ്രതിദിന കുറിപ്പും കുറെ ചോദ്യങ്ങളും

Articles

വിദ്യാഭ്യാസ വര്‍ത്തമാനം / പി സുരേഷ്

(അധ്യാപക പരിശീലകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍)

‘രണ്ടാം ക്ലാസ് വരെ ഡയറി എഴുത്ത് നിര്‍ബന്ധം’. രണ്ടാഴ്ച മുമ്പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണിത്. ഭാഷാശേഷി വികസിപ്പിക്കുന്നതിനും ജീവിത ചര്യയില്‍ അടുക്കും ചിട്ടയും ശീലിപ്പിക്കുന്നതിനും ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡയറി എഴുത്ത് നിര്‍ബന്ധമാക്കി. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ സ്വന്തം ഭാഷാശേഷി ഉപയോഗിച്ച് ഡയറിയില്‍ എഴുതി ദിവസവും സ്‌കൂളില്‍ കൊണ്ടുവരണം. സമ്പൂര്‍ണ്ണ ഡയറി എന്നതാണ് പദ്ധതി.

പഠന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ആനന്ദലബ്ദിക്കിനിയെന്തു വേണ്ടൂ?
എന്നാല്‍ ഈ വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും യഥേഷ്ടം സംശയങ്ങള്‍ ഉണ്ടാവും.

ഡയറി എഴുത്ത് നിര്‍ബന്ധമാക്കിയാല്‍ ജീവിത ചര്യയില്‍ അടുക്കും ചിട്ടയും ശീലിപ്പിക്കാന്‍ സാധിക്കുമോ?
അഥവാ അതിന് കഴിയുമെങ്കില്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ മാത്രം മതിയാകുമോ? ധാര്‍മികമായി അധ്യാപനത്തിന് യോഗ്യരാവാന്‍ അധ്യാപകരും ഇത്തരത്തില്‍ ഡയറി എഴുതേണ്ടേ?
അങ്ങനെ എത്ര പേരുണ്ടാവും?
എഴുതാനറിയാത്ത കുട്ടികള്‍ എങ്ങനെ ഡയറി എഴുതും ?
ഭാഷാശേഷി വികസിപ്പിക്കാന്‍ ഡയറി എഴുത്തുപോലെ കവിതയും നാടകവുമൊക്കെ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഉടന്‍ ഉണ്ടാകുമോ?
പ്രധാന സംഭവങ്ങളില്‍ വ്യക്ത്യധിഷ്ഠിതമായി ആത്മാംശങ്ങള്‍ കലര്‍ന്ന ഡയറി ഒരു ഭാഷാവ്യവഹാര രൂപമെന്ന നിലയില്‍ അപ്പര്‍ െ്രെപമറി ക്ലാസുകളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവിടെ നിര്‍ദേശിച്ചിരിക്കുന്ന അനുദിനവര്‍ത്തമാനക്കുറിപ്പ് (രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍) ദിവസവും എഴുതി വരുന്നത് കുട്ടിയ്ക്ക് എന്തൊരു വിരസമായിരിക്കും?

ഏറെ വിചിന്തനങ്ങള്‍ക്ക് ശേഷം രൂപപ്പെടുത്തിയതും കരിക്കുലം കമ്മിറ്റി അംഗീകരിച്ച് നടപ്പിലാക്കിയതുമായ നിലവിലെ പാഠ്യപദ്ധതിയില്‍ ഇത്തരം ഉത്തരവുകള്‍ വഴിയുള്ള പരിഷ്‌കരണങ്ങള്‍ അഭിലഷണീയമോ എന്നത് പ്രധാന ചോദ്യമാണ്. അടുത്ത വര്‍ഷം പരിഷ്‌ക്കരിക്കപ്പെടുന്ന പാഠ്യപദ്ധതിയിലും പുസ്തകങ്ങളിലും ഇത് ഉള്‍പ്പെടുത്താനുള്ള ക്ഷമ കാണിക്കാതെ പത്തുവര്‍ഷം പഴക്കമുള്ള പാഠ്യപദ്ധതിയില്‍ തിരുകി കയറ്റുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നതും അജ്ഞാതം.

അതേസമയം ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര പ്രശ്‌നങ്ങളാണ് നമുക്ക് മുമ്പിലുള്ളത്. കാല്‍ നൂറ്റാണ്ട് മുമ്പ് ഡിപിഇപിയുടെ ആഭിമുഖ്യത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോഴാണ് പഠന ബോധന പ്രക്രിയകളില്‍ കാതലായ മാറ്റം നടപ്പിലായത്. വ്യവഹാരവാദസിദ്ധാന്തങ്ങളില്‍ അടിസ്ഥാനമായ വിദ്യാഭ്യാസ പ്രക്രിയ ജ്ഞാന നിര്‍മ്മിതിവാദ സിദ്ധാന്തങ്ങളിലേക്ക് മാറി എന്നതായിരുന്നു മുഖ്യ മാറ്റം. അടിസ്ഥാനപരമായ വ്യത്യാസമുള്ള രണ്ട് വിചാര മാതൃകകളാണ് ഇവ രണ്ടും. എന്നാല്‍ ആ പരിഷ്‌കരണത്തിന് ശേഷം സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവന്നു. നിരന്തര അന്വേഷണങ്ങളുടേയും കൂട്ടായ ചിന്തകളുടേയും തുടര്‍ച്ചയായ പരിഷ്‌കരണത്തിന്റെ അഭാവം അതിന്റെ വളര്‍ച്ചയേയും തുടര്‍ച്ചയേയും തടസ്സപ്പെടുത്തി. ഇതിനൊക്കെ പുറമെ ഇടക്കിടെ പാരമ്പര്യവാദികളുടെ ഇടപെടലും ഉണ്ടായി.

നിശ്ചിത പ്രായത്തിലുള്ള കുട്ടികളുടെ പൊതുവായ വൈജ്ഞാനിക നിലവാരം കണക്കാക്കിയാണ് പാഠ്യപദ്ധതിയും പഠന സാമഗ്രികളും തയ്യാറാക്കുന്നത്. എന്നാല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടി ഏത് നിലവാരത്തിലാണെന്ന് നാം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. (അടുത്ത പരിഷ്‌കരണം തുടങ്ങിക്കഴിഞ്ഞു) ഇതിനു കാരണം പ്രീെ്രെപമറി വിദ്യാഭ്യാസത്തിലെ അവ്യവസ്ഥയാണ്.

ഔപചാരിക വിദ്യാഭ്യാസം ഏത് പ്രായത്തില്‍ തുടങ്ങണം?
ഇത് പ്രീ െ്രെപമറി ഘട്ടത്തിലാണെങ്കില്‍ അതിനുള്ള ഒരു വ്യവസ്ഥയും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലില്ല. ഇവിടെ പലതരം പ്രീെ്രെപമറി വിദ്യാലയങ്ങളുണ്ട്. നല്ലൊരുഭാഗം ഒന്നാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നവരാണ്. ഈ അസമത്വം പരിഹരിക്കാന്‍ പ്രീെ്രെപമറി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. അതിനുള്ള സംവിധാനങ്ങളൊരുക്കണം. അധ്യാപകര്‍ വേണം, ആയമാര്‍വേണം….ഇതൊന്നും കേരളത്തില്‍ തീരുമാനം ആയിട്ടില്ല. അത്തരം ഉത്തരവുകളൊന്നും ഇറങ്ങുന്നില്ല ,എന്തിന്, കാണുന്നു പോലുമില്ല. അഥവാ അതിനുള്ള നയ രൂപീകരണം നടന്നിട്ടില്ല. എന്നിട്ടുവേണ്ടേ പ്രീെ്രെപമറി പാഠ്യപദ്ധതിയും പഠന സാമഗ്രികളും തയ്യാറാക്കാന്‍?
എന്നാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അങ്ങനെയല്ല . അവിടങ്ങളില്‍ എല്‍ കെ ജിയും യു കെ ജിയും കഴിയാതെ ഒന്നാം ക്ലാസില്‍ എത്തില്ല. ഘടനാപരമായെങ്കിലും അവര്‍ അങ്ങനെ മാറിക്കഴിഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട ഘടന കേരളം സ്വീകരിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല. അത് സ്വീകരിക്കുകയാണെങ്കില്‍ മൂന്ന് വയസ് മുതല്‍ കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. ഇക്കാര്യത്തില്‍ നയപരമായ ഒരു തീരുമാനം എന്നാണോ ഉണ്ടാവുക?
ഇത് തീരുമാനമാകാതെ എങ്ങനെയാണോ പ്രീെ്രെപമറി കരിക്കുലവും പാഠപുസ്തകങ്ങളും കേരളം തയ്യാറാക്കുക. ഈ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളോട് ഡയറി എഴുതാന്‍ നിര്‍ബന്ധിക്കുന്നു ഉത്തരവ്. വിവിധഭാഷാവ്യവഹാര രൂപങ്ങള്‍ പഠിതാവ് സ്വാംശീകരിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ് ഭാഷാപഠനം മുന്നേറുന്നത്. ‘ഡയറി’ ഒരു ഭാഷാവ്യവഹാര രൂപമായി കണക്കാക്കാം. നിശ്ചിത പ്രായത്തിന് യോജിച്ച രൂപങ്ങള്‍ യുക്തിഭദ്രമായി തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനനുസൃതമായി പഠന പ്രക്രിയകളും വേണം. അല്ലാതെ നോവലും നാടകവും വേണം എന്ന ഉത്തരവിറക്കിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിക്കുമോ?