ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ആദ്യ സ്വകാര്യ സ്ഥാപനം: ഏരീസ് ഗ്രൂപ്പിന് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ പുരസ്‌കാരം

Kollam

പുനലൂര്‍: സുരക്ഷയുടെ ഭാഗമായി ജീവനക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സ്വകാര്യമേഖലയിലെ ആദ്യ സ്ഥാപനം എന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ബഹുമതി ഇനി വനിതകള്‍ ഭൂരിപക്ഷമുള്ള ഏരീസ് ഗ്രൂപ്പിന്റെ പുനലൂര്‍ ബ്രാഞ്ചിന് സ്വന്തം. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറായ ബിനു എന്‍ കുഞ്ഞുമോനില്‍ നിന്ന് ഏരീസ് ഗ്രൂപ്പ് പുനലൂര്‍ ബ്രാഞ്ചിന്റെ മാനേജര്‍ ഡി രാജേഷ് കുമാറാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജീവനക്കാര്‍ക്ക് റോഡ് നിയമങ്ങളെക്കുറിച്ചും പൊതുവായി പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വിശദമായ ബോധവല്‍ക്കരണം പുനലൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച സമയത്താണ് പുരസ്‌കാരം കൈമാറിയത് . ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘ഹെല്‍മറ്റ് നിര്‍ബന്ധം’ എന്ന സ്ഥാപനത്തിന്റെ നിയമം മോട്ടോര്‍ വാഹന വകുപ്പിനും ഏറെ സന്തോഷമുണ്ടാക്കിയെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ബിനു എന്‍ കുഞ്ഞുമോന്‍ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ബിജോയ് , പി. രാജീവ് തുടങ്ങിയവരും ക്ലാസിന് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം, ബ്രാഞ്ചിലെ ഒരു ജീവനക്കാരന് വാഹനാപകടം ഉണ്ടാവുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റാര്‍ക്കും ഇനി അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ആണ് ഹെല്‍മറ്റ് നിര്‍ബന്ധം എന്ന നിയമം കര്‍ശനമാക്കിയത്. ഇപ്പോള്‍ എല്ലാ ജീവനക്കാരും കൃത്യമായി ഈ നിയമം പാലിച്ചുവരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സ്ഥാപനം കര്‍ശനം നടപടിയും സ്വീകരിക്കുന്നുണ്ട്.

സുരക്ഷയുടെ ഭാഗമായി ബ്രാഞ്ചില്‍ ഇത്തരത്തിലുള്ള പൊതുവായ നിയമങ്ങള്‍ ഇനിയും കൊണ്ടുവരുമെന്നും അവ കൃത്യമായി ഞങ്ങളുടെ ജീവനക്കാര്‍ പാലിക്കും എന്നും മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍ പ്രഭിരാജ് പറഞ്ഞു . സ്ഥാപനത്തില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വരുത്തിയതിനു ശേഷം സമൂഹത്തിലേക്കും ഇതിന്റെ പ്രാധാന്യം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് സ്ഥാപനം നല്‍കുന്നതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സര്‍ സോഹന്‍ റോയ് പറഞ്ഞു. ‘വളരെയധികം സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമുള്ള മറൈന്‍ മേഖലയില്‍ വിവിധ സേവനങ്ങള്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി നല്‍കിവരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഏത് സേവനമേഖലയിലും ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന ഘടകം സുരക്ഷയാണ്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നടപ്പിലാക്കിയ ഹെല്‍മറ്റ് നിര്‍ബന്ധം എന്ന നിയമത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിവരുന്ന ഗതാഗത വകുപ്പിനോട് അളവറ്റ നന്ദിയുണ്ട് ‘. അദ്ദേഹം പറഞ്ഞു.

UAE ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിടൈം മേഖലയിലെ മുന്‍നിര സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി അറുപതിലധികം കമ്പനികള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.