പത്തനംതിട്ട: സഹപാഠിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്ന സംഭവത്തില്‍ 14കാരനെതിരെ കേസ്. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബലാത്സംഗം, പോക്‌സോ നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പതിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നാലെ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. നിരവധിതവണ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.