വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പുനലൂര്‍: നഗരസഭയിലെ പ്ലാച്ചേരി ആര്‍ആര്‍എഫ് യൂണിറ്റിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ഏരീസ് പുനലൂര്‍ ഫാമിലിയുടെ നേതൃത്വത്തില്‍ വിഷു സമ്മാനം നല്‍കി. ഐക്കരക്കോണം ഗ്രാമം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പിലാക്കിവരുന്ന ‘ഗോഗ്രീന്‍’ സ്‌കീമിന്റെ ഭാഗമായി ആണ് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ യൂണിഫോമുകള്‍ വിഷു കൈനീട്ടമായി നല്‍കിയത്. 30 കര്‍മസേന അംഗങ്ങള്‍ക്ക് രണ്ട് യൂണിഫോം വീതമാണ് നല്‍കിയത്. മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍ പ്രഭിരാജ്, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി. സുജാതയ്ക്ക് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അജൈവ മാലിന്യ സംസ്‌ക്കരണ യൂണിറ്റിലെ അംഗങ്ങള്‍ക്ക് ഏരീസ് കുടുംബത്തിന്റെ വിഷു സമ്മാനം ലഭിച്ചപ്പോള്‍ അതിയായ സന്തോഷമാണ് ഉണ്ടായത്. ഏരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യൂണിറ്റിലെ കര്‍മ്മ സേന അംഗങ്ങള്‍ക്ക് ഏകദിന വിനോദയാത്ര ഒരുക്കുമെന്നും ഹരിതകര്‍മ്മ സേന അംഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടിയുള്ള സാധനസാമഗ്രികള്‍ ഒരു വര്‍ഷത്തേക്ക് നല്‍കുമെന്നും അംഗങ്ങളുടെ കുട്ടികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് ഐക്കരക്കോണം ബ്രാഞ്ചിലൂടെ നല്‍കുമെന്നും അര്‍ഹരായ കുട്ടികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും എന്നും പ്രഭിരാജ് പറഞ്ഞു.
ഏരീസ് ഫാമിലിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ ബി. സുജാത പറഞ്ഞു.
ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പുനരുപയോഗപ്രദമായ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വേര്‍തിരിക്കുന്ന പ്രക്രിയകളെ കുറിച്ച് വിശദമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞമാസം ഏരീസ് ഫാമിലി യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു. അന്ന് യൂണിഫോം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അരുണ്‍ കരവാളൂര്‍ അധ്യക്ഷനായ പരിപാടിയില്‍ പുനലൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അരുണ്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. സുന്ദരേശന്‍, ബ്രാഞ്ച് മാനേജര്‍ ഡി.രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.