അകലെ നിന്ന് കാണണം നമ്മൾനമ്മുടെ സ്വന്തം വീടുകളെയും

Articles

വിനോദ്കുമാർ ശുക്ല (കവിത / ഹിന്ദി)

വിവർത്തനം / എപ്രതാപൻ

അകലെ നിന്ന് കാണണം നമ്മൾ
നമ്മുടെ സ്വന്തം വീടുകളെയും .
കാണണം ഏഴ് കടലുകൾ കടന്ന്.
നികത്താനാവാത്ത അകലങ്ങളുടെ
നിസ്സഹായതയിൽ ,
എന്നെങ്കിലുമൊരിക്കൽ
തിരിച്ചു വരുമെന്ന പ്രത്യാശയോടെ.
യാത്രക്കിടയിൽ തിരിഞ്ഞു നോക്കണം
സ്വന്തം രാജ്യത്തെ കാണുവാൻ
മറ്റൊരു രാജ്യത്ത് നിന്ന് .
തൻ്റെ ഭൂമിയെ നോക്കണം ശൂന്യാകാശത്ത് നിന്ന് .
വീട്ടിലെ കുട്ടികൾ എന്തെടുക്കുകയായിരിക്കും
എന്നതിൻ്റെ ഓർമ്മ ,
ഭൂമിയിലെ കുട്ടികൾ
എന്തെടുക്കുകയായിരിക്കും
എന്നായി മാറുമപ്പോൾ .
തിന്നാനും കുടിക്കാനുമെന്തെങ്കിലും വീട്ടിലുണ്ടോ എന്ന വേവലാതി
തിന്നാനും കുടിക്കാനുമെന്തെങ്കിലും
ഭൂമിയിലുണ്ടോ എന്നായി മാറും.
ഈ ഭൂമിയിലെ ഓരോ പട്ടിണിക്കാരനും
വീട്ടിലെ പട്ടിണിക്കാരനായി തോന്നും .
ഭൂമിയിലേക്കുള്ള തിരിച്ചു വരവ്
വീട്ടിലേക്ക് മടങ്ങിയെത്തലെന്ന് തോന്നും.

വീട്ടിലെ കാര്യങ്ങളൊക്കെ
വലിയ കുഴപ്പത്തിലാണ് .
വീട്ടിൽ നിന്ന് ഏതാനും അടികൾ നടന്ന്
ഞാൻ വീട്ടിലേക്ക് തിരിച്ചു വരുന്നു,
ഭൂമിയിലേക്ക് തിരിച്ചു വരുമ്പോലെ.