ഓണം ഒരു ഭൂതകാലവാഴ്ത്ത്

Articles

ചിന്ത / എ പ്രതാപന്‍

എല്ലാ ആഘോഷവേളകളെയും ഭൂതകാലവാഴ്ത്തുകളാക്കി മാറ്റുന്ന ഒരു പ്രക്രിയ സംഭവിക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയകളിലൊക്കെയും വഴുക്കുന്ന ഒരു പ്രതലമുണ്ട്. ചരിത്രത്തിന്റെ പരുക്കന്‍ തറകളില്‍ പറ്റിപ്പിടിച്ച നനഞ്ഞ പായലുകള്‍ പോലെ. അത് പോയ കാലത്തിന്റെ മുനകളെ മറച്ച്, നിങ്ങള്‍ക്ക് വീഴാനുള്ള ചെറിയ പതുപതുപ്പുകള്‍ തരും. ഇല്ലാത്ത ഒരു ഭൂതകാലം അത് നിങ്ങള്‍ക്കായി ഒരുക്കും.

മധുരിക്കും ഓര്‍മ്മകളേ,
മലര്‍മഞ്ചല്‍ കൊണ്ടു വരൂ
എന്ന് വിഷാദ മധുരമായി പാടും.

മുട്ടോളം മാത്രമുള്ള ആ ഭൂതകാലക്കുളിരില്‍ മുങ്ങി നിവരാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ തമാശ തോന്നും.
വാസ്തവത്തില്‍ മലയാളിക്ക് സ്വന്തമായത്, മലയാളിയെ നിര്‍വ്വചിച്ചത്, ചില ന്യൂനാത്മകതകളാണ്, കുറവുകളാണ്, ചെറിയ ഒരു സ്ഥലത്തിന്റെയും , ചരിത്ര ഭാരമില്ലായ്മകളുടേയും തുറസ്സുകളാണ്. പഴമയുടെ ഭാരങ്ങള്‍ നമുക്ക് വളരെ കുറവായിരുന്നു. നമ്മുടെ മിത്തിലെ വാമനന്‍ പോലും എത്ര ചെറിയ രൂപം . ആ മിത്തിക്കല്‍ വാമനന്‍ മൂന്നടി ചോദിക്കുമ്പോള്‍ നമ്മുടെ സ്ഥലക്കുറവ് പരിഗണിച്ചിട്ടുണ്ടാവണം. വാമനന്മാര്‍ കാല്‍ കുത്തിയാല്‍ പോലും നമ്മുടെ രാജാവിന് പാതാളത്തിലേക്ക് പോകേണ്ടി വരുമെന്നതും ആ മിത്ത് പരിഗണിച്ചിരിക്കണം. തിന്മ എത്ര ചെറുതാണെങ്കിലും അത് എത്ര പെട്ടെന്ന് വളര്‍ന്ന് ആകാശം മുട്ടുമെന്നും. അങ്ങനെ സമത്വവാദിയായ , അതിനാല്‍ പരാജിതനായ, ബലിയെന്നല്ല മഹാബലിയായ ഒരു നേതാവ് , രാജാവ് നമ്മുടെ ദേശീയ മിത്തിന്റെ ഭാഗമായി.

സ്ഥലപരമായ ആ പരിമിതികളാണ് , ജന്മനാടില്‍ നിന്നോടിച്ച് മലയാളികളെ അന്യ നാടുകളില്‍ എത്തിച്ചത്. ചരിത്രത്തിന്റെ പാരമ്പര്യ ഭാരമില്ലായ്മകളാണ് ചരിത്രത്തിലെ പുതിയ ചലനങ്ങളെ സ്വീകരിക്കാന്‍ , ഏറ്റവും പുതിയ ചരിത്രത്തിന്റെ ഭാഗമാകാന്‍ മലയാളിയെ സഹായിച്ചത്. നമ്മുടെ കുറവുകളൊക്കെയും ഒരര്‍ത്ഥത്തില്‍ നമുക്ക് കൂടുതലുകളായി ഭവിച്ചു. അത് ഒരു ഭാഗ്യമെന്ന് ഞാന്‍ കരുതുന്നു. സമകാലീനമെങ്കിലും അതിപുരാതനമായ ഒരു ഇന്ത്യയിലേക്ക് ഇനിയും കേരളം ഉദ്ഗ്രഥിക്കപ്പെടാത്തത് അത് കൊണ്ട് കൂടിയാകണം. മാവേലിക്കും വാമനനുമിടയില്‍ ഒരു വിടവ് ഇനിയും ബാക്കിയാണ്.

‘വിടര്‍ന്ന പീലികള്‍ ചുരുട്ടിക്കെട്ടി
ഒരു ചൂലാക്കി ഞങ്ങള്‍ക്ക് തന്നിട്ട്
സ്വപ്നകാലത്തിന്റെ മയില്‍ യാത്രയായി ‘
എന്ന് ഒരു കവിതയില്‍
കെ ജി എസ് എഴുതി.
കാലത്തെ അറിയുന്ന വരികള്‍.
പോയ കാലത്തെ മയിലുകള്‍
ഇനി നൃത്തം ചെയ്യുകയില്ല.
ആ പീലികള്‍ ഇപ്പോള്‍ ചൂലുകളായി.

ജൂത വിശ്വാസികളുടെ ശാബത് ദിനാചരണത്തെ കുറിച്ച് പ്രിമോ ലെവി എഴുതിയിട്ടുണ്ട് *. ആറ് ദിവസം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ച് ഏഴാം നാള്‍ ദൈവം വിശ്രമിക്കുന്നതിന്റെ ഓര്‍മ്മയിലാണ് ശാബത്. അന്ന് വേലയില്ല, വിശ്രമവും വിനോദവും മാത്രം. അത് കര്‍ക്കശമായി പാലിക്കപ്പെടണം. തീ കൊളുത്തുകയോ കെടുത്തുകയോ പാടില്ല. മനുഷ്യ ജീവന് അപകടമെങ്കില്‍ മാത്രം വെള്ളമൊഴിച്ച് തീ കെടുത്താം, അതും തീ പിടിക്കാത്ത ഭാഗത്ത് വെള്ളമൊഴിച്ച്. എഴുതലും മായ്ക്കലും പാടില്ല. അടിച്ചു വാരലും ഒരു തരത്തില്‍ മായ്ക്കലായതു കൊണ്ട് അതും പാടില്ല. അഴുക്കുകള്‍ കുമിഞ്ഞു കൂടിയാല്‍ , നിവൃത്തിയില്ലെങ്കില്‍ മാത്രം, അടിച്ചു വാരാം. സാധാരണ ചൂല്‍ ഉപയോഗിക്കരുത്, വല്ല പക്ഷിത്തൂവലോ മറ്റോ ഉപയോഗിച്ച് മാത്രം.
നമുക്കറിയാം ,
ദൈവം പണി നിര്‍ത്തിയിട്ട് ഏറെ നാളായി, ഇപ്പോള്‍ പണിയെടുക്കുന്നത് ചെകുത്താന്‍ മാത്രം.
ഇത് നിത്യശാബത്തിന്റെ ദിവസങ്ങള്‍.
തീ പടരുന്നുണ്ട്,
മാലിന്യങ്ങള്‍ കുമിയുന്നുണ്ട്.
നമ്മള്‍ എന്ത് ചെയ്യാന്‍ ?
തീ പടരാതിരിക്കാന്‍ ഒഴിക്കാനായി
ഒരു പാട്ട വെള്ളം നമ്മള്‍ കരുതുക. സ്വപ്ന കാലത്തിന്റെ മയില്‍ ചുരുട്ടിക്കെട്ടിയ പീലികളുടെ ചൂലും. ചൂലായി മാറിയ പീലികള്‍ കൊണ്ട് കുന്നായി കുമിയുന്ന
ലോക മാലിന്യങ്ങളെ
അടിച്ചു വാരാന്‍.