നിത്യചെലവിന് യാചിക്കേണ്ട ഗതികേടില്‍ ഇരിക്കക്കൂര വിറ്റ് പിറന്നാളാഘോഷിക്കുന്ന താന്‍ പ്രമാണി ഇവിടെ ഭരിക്കുന്നു

Articles

ചിന്ത / ഡോ: ആസാദ്

ചെലവാളിസംഘമാണ് ഭരിക്കുന്നത്. നിത്യനിദാനത്തിന് കൈനീട്ടേണ്ട ഗതികേടുള്ളപ്പോള്‍ ഇരിക്കക്കൂരവിറ്റ് പിറന്നാളാഘോഷം പൊടിപൊടിക്കുന്ന ‘താന്‍പ്രമാണി’മാര്‍ ഭരിക്കുന്നു. അവരെ ധൂര്‍ത്തരെന്നു വിളിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. തറവാടിന്റെ പേരും പ്രശസ്തിയും ഉന്നതിയും ലക്ഷ്യമാക്കുന്നത് തെറ്റാണോ? അതിനു ചെലവു വരില്ലേ? ആ ചെലവ് ധൂര്‍ത്താണോ?

അമ്മമാര്‍ അയല്‍പക്കങ്ങളില്‍ പിച്ച തെണ്ടുകയാണ്. കുരുത്തംകെട്ട ചില നിഷേധികള്‍ അതുയര്‍ത്തിക്കാട്ടുന്നു. ചെലവാളി സംഘത്തോടു കലഹിക്കുന്നു. അമ്മമാര്‍ക്ക് എന്താണ് വേണ്ടത്, ഞങ്ങള്‍ നല്‍കാമെന്ന് ധൂര്‍ത്തപുത്രന്മാര്‍ നന്മവൃക്ഷങ്ങളാകുന്നു. എവിടെ നിന്ന് എടുത്തുകൊടുക്കുമെന്ന് അമ്മമാര്‍. പുര കത്തുമ്പോള്‍ ഊരിയ ചില കഴുക്കോലുകളുണ്ടെന്ന് ധീര യുവാക്കള്‍. അവര്‍ തറവാടിന്റെ മാനം കാക്കുന്നു.

ഞങ്ങള്‍ക്ക് വയലുകള്‍ വേണം കൃഷി ചെയ്യാന്‍, മണ്ണ് വേണം കൂര കെട്ടാന്‍, തൊഴില്‍ വേണം ജീവിക്കാന്‍, തന്നേതീരൂ, തന്നേ തീരൂ, അധികാരികളേ തന്നേ തീരൂ എന്ന് അമറി നടന്ന കൂട്ടരാണ്. ഇപ്പോള്‍ അവര്‍ കൊടുക്കുന്നവരാണ്. അന്നം നല്‍കും. മണ്ണ് നല്‍കും. മരുന്ന് നല്‍കും. സംരക്ഷണം നല്‍കും. കലഹികള്‍ ദൈവങ്ങളായി. ദാനകര്‍മ്മം തൊഴിലായി. അന്യന്റെ വയലില്‍ വിളയുന്നത് ഉദാരമായി ദാനം ചെയ്യപ്പെടും! സമരയുവജന സംഘം ദാനയുവജന സംഘമായി.

തറവാട് പുരോഗമിക്കുകയാണ്. കാരണവരും കൂട്ടാളികളും ഹാപ്പിയാണ്. വാങ്ങിക്കൂട്ടേണ്ടതിനെപ്പറ്റി മാത്രമാണ് ചര്‍ച്ച. കോടികളുടെ വികസനമാണ് പടിവാതില്‍ക്കല്‍. കാരണവര്‍ കൈ പൊക്കി വിളിക്കുന്നു. മകള്‍ മാസപ്പടിക്ക് വകയുണ്ടോ അച്ഛാ എന്നു തിരക്കുന്നു. പിന്‍ വാതിലില്‍ വല്ലതും തരണേ എന്ന അമ്മമാരുടെ നിലവിളി. അകത്തെ മുറിയില്‍ ധൂര്‍ത്തപുത്രരുടെ ആനന്ദനൃത്തം. തറവാട്ടിലെ കാര്യസ്ഥരും ശിങ്കിടികളും വീശിയും സ്തുതിച്ചും സാഹിത്യ സമ്മേളനത്തില്‍. അകത്തമ്മമാരുടെ തിരുവാതിരക്കളി നടുമുറ്റത്ത്. വീടു പോയാലെന്താ പോകുംവരെ ആഘോഷിക്കാമെന്ന് തമ്പുരാന്‍. വെടിക്കെട്ടില്‍ കടല്‍ നിശ്ശബ്ദമാകുന്നു. സീനില്‍ ഒരമിട്ട് പൊലിഞ്ഞു തീരുന്നു. ഇരുട്ടാവുന്നു.