സംസ്ഥാന ബഡ്ജറ്റ് : സ്റ്റാര്‍ട്ടപ്പ് രംഗത്തെ ശക്തിപ്പെടുത്തും

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 20 കോടി രൂപ കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനും 70.52 കോടി രൂപ യുവജന സംരംഭകത്വ പരിപാടികള്‍ക്കുമായി ചെലവഴിക്കും.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംവിധാനമായ ഫണ്ട് ഓഫ് ഫണ്ട്സ് ഇനത്തില്‍ 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്സ് മുഖേന 46.10 കോടി രൂപയാണ് ഇതിനകം നിക്ഷേപിച്ചിട്ടുള്ളത്. ഈ നിക്ഷേപം ഇപ്പോഴത്തെ വിപണി മൂല്യം അനുസരിച്ച് 3.9 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും ബഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ലീപ് സെന്‍ററുകള്‍ വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപ വകയിരുത്തി എന്നതാണ് മറ്റൊരു പ്രഖ്യാപനം.

ആഗോളതലത്തില്‍ സംരംഭക ആശയങ്ങള്‍ കൈമുതലായിട്ടുള്ളവര്‍ക്ക് കേരളത്തില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കുമെന്നും ബഡ്ജറ്റില്‍ പരാമര്‍ശമുണ്ട്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. സംസ്ഥാനത്ത് ഇതിനകം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 5000 ത്തിലധികം. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022 ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം കേരളത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി കേരളത്തിനാണ് ടോപ്പ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ചത്.