സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ കര്‍ഷകരെ അപമാനിക്കുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Eranakulam

കൊച്ചി: കേന്ദ്ര ബജറ്റ് പോലെ സംസ്ഥാന ബജറ്റും കര്‍ഷകരെ അപമാനിക്കുന്നതാണെന്നും നിര്‍ദ്ദിഷ്ഠ പ്രഖ്യാപനങ്ങള്‍ പോലും വാചകക്കസര്‍ത്തിനപ്പുറം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

റബറിന് 10 രൂപ നല്‍കിയാല്‍ റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതരുത്. പ്രകടനപത്രികയില്‍ 250 രൂപ പ്രഖ്യാപിച്ചവര്‍ അധികാരത്തിലിരുന്ന് ഒളിച്ചോട്ടം നടത്തുന്നു. കഴിഞ്ഞ ബജറ്റിലെ 600 കോടി വിലസ്ഥിരതാപദ്ധതിയില്‍ 10 ശതമാനം പോലും ചെലവഴിച്ചിട്ടില്ല. 170 രൂപ വിലസ്ഥിരതാപദ്ധതി മുടക്കമില്ലാതെ നടപ്പിലാക്കുന്നതിൽ വന്‍ വീഴ്ചവന്നരുടെ 180 രൂപ പ്രഖ്യാപനം  പൊതു  തെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ തന്ത്രമായേ കാണാനാവു. വന്‍പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ പുതിയതായി ഒരു പദ്ധതിയും പുതിയ സംസ്ഥാന ബഡ്ജറ്റിലില്ല.

നിത്യചെലവിനായി കടംവാങ്ങി  വൻബാധ്യതയുണ്ടാക്കി ധൂര്‍ത്തുനടത്തുമ്പോള്‍ ബജറ്റിലെ വികസനപ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാണെന്ന് കേരളസമൂഹം തിരിച്ചറിയുന്നു. കാര്‍ഷികമേഖലയ്ക്ക് 1698.30 കോടി രൂപ പ്രഖ്യാപിക്കുമ്പോഴും മുന്‍ബജറ്റിലെ പല പ്രഖ്യാപനങ്ങള്ളും ഇപ്പോഴും യാഥാര്‍ത്ഥ്യമാകാതെ നിലനില്‍ക്കുന്നു.

ഫലവര്‍ഗ്ഗകൃഷിയുടെ വിസ്തൃതി വിപുലീകരണത്തിന് 18.92 കോടി പ്രഖ്യാപിച്ചിരിക്കുമ്പോള്‍ പ്രായോഗികമാകണമെങ്കില്‍ പ്ലാന്റേഷന്‍ നിയമത്തില്‍ പൊളിച്ചെഴുത്തുവേണം. കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് പ്രഖ്യാപിച്ച 75 കോടി കര്‍ഷകന്റെ കണക്കില്‍ ഉള്‍പ്പെടുത്തണ്ട. നെല്ലുല്പാദന പദ്ധതി വിഷരഹിത പച്ചക്കറി, നാളികേര വികസനപദ്ധതി, സുഗന്ധവ്യഞ്ജന പദ്ധതി, ഫാം യന്ത്രവല്‍ക്കരണം, മൂല്യവര്‍ദ്ധനം, കാര്‍ഷിക വിപണം, ജലസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ തലങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തനങ്ങള്‍ക്കപ്പുറം കാര്‍ഷികമേഖലയില്‍ നേട്ടങ്ങളുണ്ടാക്കില്ല. താങ്ങുവില വര്‍ദ്ധിപ്പിക്കാതെയുള്ള നാളികേര വികസനപദ്ധതി കര്‍ഷകര്‍ക്ക് ഉപകരിക്കില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ മൈതാനപ്രസംഗമായി തരംതാഴുന്നത് ദുഃഖകരമാണെന്നും പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.