കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് രജത ജൂബിലി നിറവിൽ

Kozhikode

കോഴിക്കോട്: രൂപതയുടെ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് തന്റെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചാം വർഷം പൂർത്തിയാക്കുകയാണ്. രജത ജൂബിലിയുടെ ആഘോഷങ്ങൾ കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ വച്ച് 2024 ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് നടത്തപ്പെടുന്നതാണ്. മെത്രാനായി 25 വർഷം സേവനം ചെയ്യുന്ന അദ്ദേഹം കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്നു. നാളിതുവരെ കോഴിക്കോട് രൂപതയ്ക്കും കേരള ലത്തീൻ സഭയുടെ അധ്യക്ഷനായും വിശിഷ്ടമായ സേവനങ്ങൾ പ്രദാനം ചെയ്തു കൊണ്ടാണ് അദ്ദേഹം മെത്രാൻ സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ട് കോഴിക്കോട് രൂപതയിലെയും മറ്റു രൂപതകളിലേയും ദൈവജനം ഒന്നായി അണിചേർന്ന് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്യുന്ന സുദിനമാണ് ഈ ജൂബിലി ദിനം. ഫെബ്രുവരി 8 ന് നടക്കുന്ന കൃതജ്ഞതാബലിയിൽ ഭാരതത്തിൽ നിന്നുള്ള കർദിനാൾമാരും ആർച്ച് ബിഷപ്പുമാരും വിവിധ റീത്തുകളിൽ നിന്നുള്ള മെത്രാന്മാരും പങ്കെടുക്കുന്നതായിരിക്കുംഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് രജത ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നേതൃത്വത്തിൽ കൃതജ്ഞാബലി അർപ്പിക്കപ്പെടും . മലങ്കര സഭാദ്ധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് പിതാവ് ദിവ്യബലി മദ്ധ്യേ വചനസന്ദേശം പങ്കുവയ്ക്കും. കൃതജ്ഞതാബലിയ്ക്കു ശേഷം മുൻ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കാർദിനാൾ ജോർജ്ജ് ആലഞ്ചേരി ആശംസകളർപ്പിക്കും. അതോടൊപ്പം ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതിയുടെ ആശംസകൾ തദവസരത്തിൽ വായിക്കപ്പെടും. തുടർന്ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവും CBCI അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവും കണ്ണൂർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവും താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവും ആശംസകളർപ്പിച്ച് സംസാരിക്കും. രൂപത മക്കൾ മുഴുവനും ഒപ്പം കണ്ണൂർ മലബാർ മേഖലയിലുള്ള വൈദീകരും സന്യസ്തരും അല്മായരും ഈ കൃതജ്ഞതാബലിയിൽ പങ്കുചേരും.