മാസപ്പടി, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്‌തേക്കും

Kerala

2016 മാര്‍ച്ച് 31നു 7കോടി നഷ്ടമുണ്ടായിരുന്ന വീണ വിജയന്‍റെ കമ്പനി 2023 മാര്‍ച്ച് 31ന് 73 കോടി അറ്റാദായം നേടി

ആലുവ: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ് എഫ് ഐ ചോദ്യം ചെയ്‌തേക്കും. എക്സാലോജിക്കുമായി ഇടപാടുകള്‍ നടത്തിയ സി.എം.ആര്‍.എല്‍. കമ്പനിയുടെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)യുടെ റെയ്ഡില്‍ നിര്‍ണായക രേഖകളാണ് കിട്ടിയത്.

പിടിച്ചെടുത്ത രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കും. വീഴ്ചകള്‍ തെളിഞ്ഞാല്‍ അവരും കേസെടുക്കും. മാസപ്പടിയില്‍ അന്വേഷണത്തില്‍ വീണയേയും സിഎംആര്‍എല്‍ ഡയറക്ടര്‍മാരേയും ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നുവരെ നീണ്ടു.

വീണയുടെ കമ്പനിയുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ജീവനക്കാരുടെ മൊഴിയടുത്തു. രേഖകളും ശേഖരിച്ചതായാണ് വിവരം. ഐ.ടി. സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപ സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് നല്‍കിയതാണ് വിവാദമായത്. കേസിന്റെ ഗുരുതര സ്വഭാവം കണക്കാക്കി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ്.എഫ്.ഐ.ഒ.ക്ക് അന്വേഷണം കൈമാറിയത്.

വൈകാതെ വീണ വിജയനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. സേവനമൊന്നും നല്‍കാതെ എക്‌സാലോജിക് കമ്പനിക്ക് സി എം ആര്‍ എല്‍ പണം നല്‍കിയത് എന്തിനാണെന്ന ചോദ്യമാണ് പരിശോധിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്നിലേറെ കേന്ദ്ര ഏജന്‍സികളില്‍നിന്നുള്ള അന്വേഷണ വിദഗ്ധരെ ഉള്‍പ്പെടുത്തി 12 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. സിഎംആര്‍എല്‍, എക്സാലോജിക്, കെ എസ് ഐഡി സി എന്നിവര്‍ക്കു പറയാനുള്ളതു രേഖപ്പെടുത്തുന്ന നടപടിയാണ് എസ്എഫ്ഐഒ ആരംഭിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനു (ഐഎസ്ബി) മുന്‍പാകെ സിഎംആര്‍എല്‍ കമ്പനി ചീഫ് ഫിനാന്‍സ് ഓഫിസറും മറ്റു ജീവനക്കാരും നല്‍കിയ മൊഴികളിലെ വസ്തുതകള്‍ അന്വേഷണത്തിനു മുന്നോടിയായി എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ ഉടമ കര്‍ത്തയേയും ചോദ്യം ചെയ്യും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റിലേക്ക് കടക്കൂ.

ആദായനികുതി വകുപ്പിനു സിഎംആര്‍എല്‍ കമ്പനി സമര്‍പ്പിച്ച കണക്കു പ്രകാരം 2016 മാര്‍ച്ച് 31 നു 7,72.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി 2023 മാര്‍ച്ച് 31ന് 7,336.82 ലക്ഷം രൂപയുടെ അറ്റാദായം നേടി. ഈ ബിസിനസ് വളര്‍ച്ചയ്ക്കു സഹായിച്ച ഘടകങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നതെന്നു കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വക്താക്കള്‍ പറഞ്ഞു.

സി എം ആര്‍ എല്ലിലെ റെയ്ഡ് അതിനിര്‍ണ്ണായകമാണ്. സംസ്ഥാന സര്‍ക്കാര്‍ ഭരണ തണലിലാണ് ഈ നേട്ടങ്ങള്‍ കര്‍ത്തയുടെ കമ്പനിയുണ്ടാക്കിയത് എന്നാണ് വിലയിരുത്തല്‍. കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ബംഗളൂരു, ചെന്നൈ റീജനല്‍ ഓഫിസുകളാണു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്എഫ്ഐഒയ്ക്കു കൈമാറിയത്.