അക്കാദയലെ പിണറായി ദാസന്മാർക്കെതിരെയുള്ള ശ്രീകുമാരൻ തമ്പിയുടെ രൂക്ഷ വിമർശനവും തമ്പിയുടെ ഗാനം ക്ലീഷെയാണെന്ന സച്ചിദാനന്ദന്‍റെ വിലയിരുത്തലും ശരിയാണ്

Articles

വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ

ബഹളം നിറഞ്ഞ ഒരു സംവാദത്തിൽ രണ്ട് പക്ഷത്തിന്റെയും വാദമുഖങ്ങളോടും നമുക്ക് ഒരേ പോലെ യോജിപ്പ് തോന്നുന്നത് അത്യപൂർവ്വമാണ്. ബാലചന്ദ്രപ്രഭാഷണ വിവാദത്തിന്റെ അങ്കുരമായി ഇപ്പോൾ പൊട്ടിമുളച്ചിട്ടുള്ള സച്ചിദാനന്ദൻ -ശ്രീകുമാരൻ തമ്പി വിവാദത്തിൽ രണ്ടു പക്ഷവും ശരിയാണ്. ശ്രീകുമാരൻ തമ്പി അക്കാദമിയിലെ പിണറായി ദാസന്മാരുടെ വകതിരിവില്ലായ്മയെ കുറിച്ച് പറയുന്ന രൂക്ഷമായ വിമർശനവും ശരിയാണ്, തമ്പിയുടെ ഗാനം ക്ലീഷേയാണ് എന്ന സച്ചിദാനന്ദന്റ വിലയിരുത്തലും ശരിയാണ്.

പിണറായി ദാസന്മാരെ എനിക്കറിയാമെങ്കിലും ശ്രീമാൻ തമ്പിയെ എനിക്കറിയില്ല. അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്ന പോലെ ജനകീയ – വാണിജ്യ സിനിമയ്ക്കു വേണ്ടിയുള്ള തന്റെ ആത്മാർപ്പണവും വിജയങ്ങളോടൊപ്പം ഒരുപാട് നഷ്ടങ്ങളും സങ്കടങ്ങളും ഒക്കെ നിറഞ്ഞ ജീവിതവും ആദരവർഹിക്കുന്നത് തന്നെ. പക്ഷേ ഒരു കേരള ഗാനം എന്നത് ശാശ്വതമായി നിലനിൽക്കേണ്ടുന്ന ഒന്നാണ്. അതിന് അദ്ദേഹം പാടി നമ്മൾ കേട്ട പാട്ട് തീരെ അപര്യാപ്തമാണ്. ഒരു കേരള ഗാനം ‘വന്ദേമാതര’ത്തിന്റെയോ ( വന്ദേമാതരത്തിന്റെ കാര്യത്തിൽ വിരുദ്ധാഭിപ്രായം ഉള്ള ജിഹാദികൾ പോയി പണി നോക്കട്ടെ),ചുരുങ്ങിയത്, ‘ജനഗണമന’യുടെയോ നിലവാരം ഉള്ളതായിരിക്കണം. അത്തരമൊരു നിലവാരത്തിന്റെ ആവശ്യം സുമനസ്സായ അദ്ദേഹത്തിന് തന്നെ തിരിച്ചറിയാവുന്നതേ ഉള്ളൂ.

സച്ചിദാനന്ദൻ

ഞാനീ കുറിപ്പ് എഴുതാൻ കാരണം, ‘കേരള ഗാന വിവാദത്തിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു ‘ എന്ന് സ്ക്രോൾ ചെയ്ത് കാണുന്നതുകൊണ്ടാണ്. കമ്മികളുടെ കുപ്രസിദ്ധമായ ഒത്തുതീർപ്പിന്റെ ഭാഗമായി തമ്പിയുടെ ഈ മോശം ഗാനം കേരള ഗാനം ആകുമോ എന്ന പേടികൊണ്ടാണ്.

തമ്പി ഈ അടുത്തകാലത്ത് അവരുടെ കുട്ടയിൽ വീണ് കിട്ടിയ ഒരു എഴുത്തുകാരനാണ്. തങ്ങളുടെ സ്വാധീനത്തിൽ കുടുങ്ങി, ജീർണ്ണിച്ച പാർട്ടിയെ കുറിച്ച് ഒരിക്കൽ ഒരുവൻ ഒരു നല്ല വാക്ക് പറഞ്ഞാൽ മതി, അയാൾ പുറത്തു പോകാതിരിക്കാൻ ഉള്ള എല്ലാ മാർഗ്ഗവും അവർ ചെയ്യും. തമ്പിക്ക് വലിയ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ ഒന്നും ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്നിട്ടുള്ളതായി തോന്നുന്നില്ല. കുറച്ചുമുമ്പ് ഒരു സംഘപരിവാർ സമ്മേളനത്തിൽ കണ്ടു. കോൺഗ്രസ് സമ്മേളനങ്ങളിൽ പോയിട്ടുണ്ടോ എന്ന് അറിയില്ല. ഇപ്പോൾ അടുത്ത് കമ്മി അധീനതയിലുള്ള ഒരു അവാർഡ് കിട്ടി.( ഇതുപോലെ കമ്മ്യൂണിസ്റ്റ്- കോൺഗ്രസ് -സംഘപരിവാർ എന്ന ഭേദമില്ലാതെ സർവ്വരെയും അനുഗ്രഹിക്കുന്ന ഒരു സംഘം സാംസ്കാരിക നായകർ നമുക്കുണ്ട്. എം കെ സാനു, പള്ളിക്കുന്ന് പപ്പൻ, സി രാധാകൃഷ്ണൻ, അന്തരിച്ച പീവത്സല എന്നിവർ ഉദാഹരണങ്ങളാണ്. സംഘപരിവാർ വിരുദ്ധൻ എന്ന് ആഘോഷിക്കപ്പെടുന്ന സുകുമാർ അഴീക്കോട് യഥാർത്ഥത്തിൽ മൈക്കിനോടൊപ്പം വാടകക്കെടുക്കാവുന്ന നമ്മുടെ എഴുത്തുകാരുടെ ഒരു ആദിരൂപമാണ്.സംഘപരിവാർ വേദികളിലും സൗഹാർദ്ദപൂർവ്വം സംസാരിക്കാൻ അദ്ദേഹം പോയിട്ടുണ്ട്. ആതിഥേയരായ പാർട്ടികളെ വിമർശിക്കാൻ അല്ല ഇക്കൂട്ടർ പോകുന്നത്. സുഖിപ്പിക്കാനാണ്. ഇതുപോലുള്ളവരെ അവസരവാദികൾ എന്ന് കാണാതെ, കൂടുതൽ വന്ദനീയർ ആയി കാണാനാണ് സമൂഹം ഇഷ്ടപ്പെടുന്നത്)

ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി പുരസ്കൃതനായതിനു ശേഷം അധികം കഴിയുന്നതിനു മുൻപേയാണ് നവ കേരള യാത്ര തുടങ്ങുന്നത് . സമ്പൂർണ്ണമായും കമ്മ്യൂണിസ്റ്റ് അനുഭാവികളായ എഴുത്തുകാർ പോലും ദുഷ്ടമായ ആ യാത്രയ്ക്ക് കൊടുക്കാൻ മടിച്ച ഒരു ആശീർവാദമാണ് തമ്പി ആ യാത്രയ്ക്ക് കൊടുത്തത്. ഇപ്പോൾ കമ്മിസിൽബന്ധികളായ പപ്പേട്ടനും മുകുന്ദേട്ടനും പോലും തരം കിട്ടിയപ്പോൾ ആ യാത്രയിലെ നൃശംസതകളേയും അറപ്പിക്കുന്ന വ്യക്തിപൂജയെയും നിഷ്ഫലതയേയും കുറിച്ച് വിരുദ്ധാഭിപ്രായം പറയേണ്ടിവന്നു. അപ്പോഴാണ് കാരണഭൂതന് കുളിർകാറ്റായി “അധികാരികൾ ഇടയ്ക്കിടെ ഇങ്ങനെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത് നല്ല കാര്യമാണ് ” എന്ന അർത്ഥത്തിൽ തമ്പിയുടെ ആശംസ വരുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട്

ഏത് നവകേരള സദസും യാത്രയുമാണ് തമ്പി കണ്ടത്? അധികാരികൾ ജനങ്ങളിലേക്കാണോ വന്നത്? അവർ പുട്ടും പഴവും കഴിച്ചത് അതാത് മണ്ഡലങ്ങളിലെ പുത്തൻ പണക്കാരുടെയും ആത്മാവില്ലാത്ത മതമേധാവികളുടെയും ഒരുപക്ഷേ ക്രിമിനലുകളുടെയും കൂടെയിരുന്നല്ലേ? പതിറ്റാണ്ടുകളായി വിഫലമായി ക്യൂ നിന്ന വൃദ്ധരും വികലാംഗരും, പീഡിതരായ സ്ത്രീകളും, ഭവനരഹിതരും, പാർട്ടി മാടമ്പികളാൽ മോഷ്ടിക്കപ്പെട്ടവരും ഒരിക്കൽ കൂടി അധികൃതരുടെ മുൻപിൽ ക്യൂ നിന്ന് വിഡ്ഢികളാവുകയായിരുന്നു.. മന്ത്രിമാർ അവരെ തിരിഞ്ഞു നോക്കിയില്ല.

നവകേരളയാത്രയിലെ പ്രധാന ജനകീയ ഇനം പ്രതിഷേധിക്കുന്നവരെയെല്ലാം പോലീസ്ഗുണ്ടകളും പാർട്ടി ഗുണ്ടകളും ചേർന്ന് നിർദ്ദാക്ഷിണ്യം മർദ്ദിക്കുന്ന പരിപാടിയായിരുന്നു. ഗുണ്ടകൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അധികാരിയോടൊപ്പം സഞ്ചരിച്ച ഒരൊറ്റ സംഘം അക്രമപ്രൊഫഷനലുകൾ ആയിരുന്നോ അതോ അതത് ഏരിയാ കമ്മിറ്റികൾ ചുമതലാപൂർവ്വം പ്രദാനം ചെയ്ത പ്രാദേശിക പ്രതിഭകൾ ആയിരുന്നോ എന്നു മാത്രമേ സംശയം ഉള്ളൂ.
ആദ്യ ദിവസത്തെ ചെടിച്ചട്ടിയും ഹെൽമെറ്റും ഉപയോഗിച്ചുള്ള മർദ്ദനം ഹൈവേകളിൽ ഒന്നൊന്നര മാസം വൈവിധ്യത്തോടെ തുടർന്നു.പെൺകുട്ടികളെ മർദ്ദിച്ച് കഴുത്തൊടിച്ചു. ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. അവരുടെ തുണി വലിച്ചു കീറി. ഈ തമ്പി ഇതൊന്നും അറിയാതെയും കാണാതെയും ആണോ ഭൂതയാത്രയെ ആശീർവദിച്ചത്?

തരളിത ഹൃദയനായ ഈ തമ്പി എല്ലാം അറിഞ്ഞിട്ടുണ്ട്,കണ്ടിട്ടുണ്ട്.കാരണം, തിരുവനന്തപുരത്ത് ഭൂതന്റെ ഒടുക്കത്തെ വിരുന്നിൽ പങ്കെടുത്ത് സാംസ്കാരികോപദേശം നൽകാൻ ഈ തമ്പിയും ഉണ്ടായിരുന്നു. കവിക്കാവശ്യമായ മാനവികത തന്റെ പക്കൽ അരക്കഴഞ്ച് പോലുമില്ലെന്ന് തമ്പി അന്ന് തെളിയിച്ചു. ഇങ്ങനെയൊരു തമ്പി കേരള ഗാനം എഴുതുമ്പോൾ വികലമാകുന്നതിൽ എന്താണ് അത്ഭുതം?

പാർട്ടി ആവശ്യത്തിലധികം സാംസ്കാരികസമ്മേളനങ്ങൾ നടത്തുന്നത് തങ്ങൾക്ക് സംസ്കാരം തീരെ ഇല്ലെന്ന് ഉള്ള തിരിച്ചറിവുകൊണ്ടും ആ കുറവ് പരിഹരിക്കാൻ കേരളത്തിലുള്ള എല്ലാ സാംസ്കാരിക പ്രവർത്തകരെയും തങ്ങൾക്കായി സമാഹരിക്കാൻ ഉള്ള വാഞ്ഛകൊണ്ടുമാണ്.

ഒത്തുതീർപ്പുകൾ ഈ സർക്കാരിന് ഒരു വിഷയമല്ല.
പാരിസ്ഥിതികബോധം, അഴിമതി രാഹിത്യം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ- ഇങ്ങനെ ഒത്തുതീർപ്പ് നടത്താൻ പാടില്ലാത്ത ഒരു പേലവവിഷയവും അവർക്കില്ല. കേരളത്തിലിന്ന് 5000 ത്തിലേറെ അനധികൃത ക്വാറികൾ ഉണ്ടെന്നു പറയപ്പെടുന്നു . അവയിൽ പലതിന്റെയും ഉടമസ്ഥന്മാർ പാർട്ടിക്കാരാണ് എന്ന് പറയുന്നു. വാളയാറിലെയും വണ്ടിപ്പെരിയാറിലെയും പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന പാർട്ടിക്കാരെ സംരക്ഷിക്കാൻ കേസ് ഒതുക്കി തീർക്കുന്നു. ഇതുവരെ നടന്ന സാംസ്കാരിക സമ്മേളനങ്ങളിൽ ഒരു സാംസ്കാരികകുഞ്ഞു പോലും ഇതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. ഇത്രയൊക്കെ ഗുരുതരമായ ഒത്തുതീർപ്പുകൾ ആകാവുന്ന ഒരു സർക്കാരിന് തങ്ങളുടെ സ്വാധീനത്തിൽ അടുത്തിടെ വന്നുപെട്ട ഒരാളുടെ ഒരു വികല ഗാനം കേരള ഗാനം ആക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അത് ശാശ്വതമായ തകരാർ ഉണ്ടാക്കുന്ന കാര്യമാണെങ്കിലും.

നമ്മുടെ പ്രശ്നം നമുക്ക് ഒരു കേരള ഗാനം ഇല്ല എന്നതല്ല; ചില പ്രത്യേക മണങ്ങൾ ഇഷ്ടപ്പെടുന്ന മൃഗങ്ങളെ പോലെ, രാഷ്ട്രീയക്കാരന്റെ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരന്റെ വിയർപ്പു മണം ഇഷ്ടപ്പെടുന്ന, ആ വിയർപ്പു മണത്തോട് അടിമപ്പെട്ട സാഹിത്യകാരന്മാരുടെ ആധിക്യമാണ്.