ഹളെ ബീഡിലെ പ്രണയ, മൈഥുന ശില്പങ്ങള്‍

Articles

യാത്ര/ എഴുത്ത്, ചിത്രം എം കെ രാമദാസ്

ഹാസനില്‍ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ട് ഹളെ ബീഡിലേയ്ക്ക്. വിനോദ സഞ്ചാര സീസണ്‍ അല്ലാത്തതു കൊണ്ടുതന്നെ പാതയില്‍ വാഹനത്തിരക്കില്ല. പച്ചപ്പ് കൂടുകയും ക്രമേണ ഗ്രാമങ്ങള്‍ ജലസമൃദ്ധമാവുന്നതും ശ്രദ്ധിച്ചാല്‍ മനസ്സിലാവും. സാമാന്യം വിസ്തൃതമായ തടാകം പാതയ്ക്കരികിലുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ അകലെ കുന്നിന്‍ മുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ നിരയായി നില്‍ക്കുന്നത് കാണും. വിസ്തൃതമായ കൃഷിയിടങ്ങള്‍ക്കും വനത്തിനുള്ളിലൂടെയുമാണ് വാഹനം സഞ്ചരിക്കുന്നത്. വാഹനത്തിലെ ശീതീകരണ സംവിധാനം നിര്‍ത്തിവെച്ച് ഗ്ലാസുകള്‍ തുറന്നിട്ടു. പാതയോരത്തെ വൃക്ഷശിഖരങ്ങളിലെ ഇലകളെ തഴുകിയെത്തിയ മന്ദമാരുതന്‍ ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശരിയ്ക്കും തണുപ്പിച്ചു. ഒരു ചൂടു ചായ കൊതിച്ചെങ്കിലും വിജനമായ പാതയിലൊരിടുത്തു നിന്നും ഞങ്ങള്‍ക്കത് കിട്ടിയില്ല.

ഒരു വലിയ ജലാശയത്തിനരി കിലേയ്ക്ക് പൊടുന്നനെ വാഹനം എത്തിയ തോന്നലാണുണ്ടാവുക. സമീപത്തെവിടെയെങ്കിലും ഒരു പുഴയുടെ സാന്നിധ്യം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്വേഷണമവസാനിക്കുന്നതിന്നുമുമ്പേ സൂചക പലക കണ്ടു. ഹളെ ബീഡു. ഹൊയ്‌സാല രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഹലേബീഡു . പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊയ്‌സാല രാജാക്കന്മാരില്‍ പ്രമുഖനായിരുന്ന വിഷ്ണുവര്‍ധനയാണ് ഈ നഗരം പണിതത്. പഴയ പട്ടണമെന്നാണ് ഹലേബീഡു എന്ന കന്നഡ വാക്കിനര്‍ത്ഥം. അവിടുത്തെ പ്രധാന നിര്‍മ്മിതികളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ഹൊയ്‌സാലേശ്വര ക്ഷേത്രം. ഹളെബീഡുവ ക്ഷേത്രം എന്നും പേരുണ്ടിതിന്. ശിവക്ഷേത്രമാണിത്.

ഹൊയ്‌സാല വാസ്തുശില്ല മാതൃകയിലാണിതിന്റെ നിര്‍മ്മിതി. കിഴക്കോട്ട് ദര്‍ശനം. അവിടെയാണ് നേരത്തെ ദര്‍ശിച്ച ജലാശയം. ദ്വൈരൈ സമുദ്രമെന്ന് പേരു നല്‍കിയ ഈ ജലസംഭരണി ക്ഷേത്രനിര്‍മ്മാണത്തിന് മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. മൂന്നു ഭാഗവും വന്‍മലകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രസ്ഥലി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈവശമാണ് ഇപ്പോഴുള്ളത്. ഇവിടുത്തെ സൂര്യോദയം അതീവ ഹൃദ്യമെന്നാണറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെയാണ് സന്ദര്‍ശക സമയം.

പ്രധാന ക്ഷേത്രത്തിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി തടാകക്കരയില്‍ രണ്ട് ഉപക്ഷേത്രങ്ങള്‍ കൂടിയുണ്ട്. അവ രണ്ടും ഏതാണ്ട് തകര്‍ന്നു കിടക്കുകയാണ്. പതിനാലാം നൂറ്റാണ്ടില്‍ ഭാമിനി സുല്‍ത്താന്‍മാര്‍ രണ്ടു തവണ ക്ഷേത്രം അക്രമിക്കുകയും കൊള്ള നടത്തുകയും ചെയ്തിരുന്നതായി ചരിത്ര ഗവേഷകര്‍ കണ്ടെത്തി. പ്രധാന ക്ഷേത്രം ഓരോ തവണയും അതതു കാലത്തെ രാജാക്കന്മാര്‍ പുതുക്കിപ്പണിതതായും വിവരങ്ങളുണ്ട്. എന്നാല്‍ ഉപക്ഷേത്രങ്ങളെ പുനക്രമീകരിക്കുന്ന ദൗത്യത്തില്‍ അവര്‍ വിജയിച്ചില്ല. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 1984 മുതല്‍ ഉത്ഖനനവും പഠനവും നടക്കുന്നുണ്ട്. കൂടാതെ പ്രധാന ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത് ഇന്റര്‍പ്രട്ടേഷന്‍ കേന്ദ്രവും മറുഭാഗത്ത് മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.

ദ്രാവിഡ നഗര വാസ്തു ശില്പ ശൈലിയില്‍ തീര്‍ത്ത നിര്‍മിതിയാണ് ഹൊയ്‌സാലേശ്വര, ബേലൂര്‍ ക്ഷേത്രങ്ങള്‍ക്കുള്ളത്. ഹൊയ്‌സാലേശ്വര ക്ഷേത്ര പുറംചുമരുകളില്‍ കളിക്കുന്ന ആനകള്‍, സിംഹങ്ങള്‍, വിവിധഭാവങ്ങളിലുള്ള കുതിരപ്പടയാളികള്‍, ഹിന്ദുമത ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഐതിഹ്യങ്ങള്‍ എന്നിവയുടെ ശില്പങ്ങളുണ്ട്. കൂടാതെ തൊഴിലാളികള്‍, മനുഷ്യരുടെ ദൈനംദിന ജീവിതം, ഉത്സവങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവയും കൊത്തിവെച്ചിരിക്കുന്നു. പ്രണയം, മൈഥുനം എന്നിവ അടങ്ങിയ അര്‍ത്ഥ കാമ ധര്‍മ്മ രംഗങ്ങളും ശില്പങ്ങളായി രൂപകല്പന ചെയ്തിട്ടുണ്ട്. മഹിഷാസുര മര്‍ദ്ദന സന്ദര്‍ഭവും ഇങ്ങിനെ 6 ചേര്‍ത്തിരിക്കുന്നു. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ള മൂന്ന് നന്തി രൂപങ്ങള്‍ ആകാരം കൊണ്ടും ഭംഗിയാലും ശില്പ ,ചരിത്രാസ്വാദകരെ വശീകരിക്കും. ശിവപ്രതിഷ്ഠയാണ് മൂല വിഗ്രഹം.

പുരാവസ്തു ശേഖരം

ശ്രവണ ബെലഗോള, ഹളെ ബീഡു, ബേലൂര്‍ എന്നീ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവുമായി നിരവധിപേരാണ് മുന്നിലെത്തുക. കൂടെ മൂന്നിടത്തെയും ഫോട്ടോഗ്രാഫുകള്‍ വേറെയും. വേണ്ടെന്നു പറഞ്ഞാലും പിന്നാലെയെത്തി ശല്യപ്പെടുത്തിക്കൊണ്ടെയിരിക്കും. ഞങ്ങളാദ്യമെത്തിയ ബെലഗോളയില്‍ നിന്ന് തന്നെ ഇത് വാങ്ങേണ്ടിവന്നു.

ഹലേബീഡുവില്‍ താമസിക്കാനായി സാമാന്യം തരക്കേടില്ലാത്ത വിശ്രമ കേന്ദ്രമുണ്ട്. കര്‍ണാടക ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ വാസകേന്ദ്രം. ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അല്‍പം പണം കൂടുതല്‍ നല്‍കിയാല്‍ ഭേദപ്പെട്ട ഭക്ഷണവും കിട്ടും. ചാപ്പാത്തിയും പൂരിയും ചോറുമാണ് പതിവും സുലഭം. വിശാലമായ കോമ്പൗണ്ടാണ് കൂടുതല്‍ സന്തോഷം നല്‍കുക. ബേളൂരാണ് അടുത്ത ഉന്നം. ഇരു ക്ഷേത്രങ്ങള്‍ തമ്മില്‍ പത്ത് മൈലിന്റെ അകലമേയുള്ളൂ. ഈ വ്യത്യാസമേ ക്ഷേത്രങ്ങളുടെ വാസ്തു ശില്പഘടനകള്‍ കള്‍ക്കുമുള്ളു. ഹളെബീഡിനോട് വിടചൊല്ലിയ സങ്കടം മാറുംമുമ്പെ ബേലൂരെത്തും. അതൊരാശ്വാസമാണ്.