സ്ത്രീകള്‍ സ്ത്രീ കവിതയും ദളിതര്‍ ദളിത് കവിതയും എഴുതുന്നു, ജാതി, മതം വര്‍ണം തുടങ്ങിയ ബോധ്യങ്ങളെ വലിച്ചെറിയൂ കവികളെ

Articles

ചിന്ത / എസ് ജോസഫ്

സ്ത്രീകള്‍ സ്ത്രീകവിത എഴുതുന്നു.ദളിതര്‍ ദളിത് കവിത എഴുതുന്നു. ദളിത് സ്ത്രീകവികള്‍ ദളിത് സ്ത്രീ കവിത എഴുതുന്നു. ആദിവാസികള്‍ ആദിവാസി കവിത എഴുതുന്നു. ആദിവാസി സ്ത്രീ കവികള്‍ ആദിവാസി സ്ത്രീ കവിതകള്‍ എഴുതുന്നു. ട്രാന്‍സ് ജെന്റര്‍ കവികള്‍ അങ്ങനെയും എഴുതുന്നു. പ്ലാവില്‍ നിന്ന് ചക്ക മാത്രം കിട്ടുന്നു. കടലില്‍ നിന്ന് മീന്‍ കിട്ടുന്നു . നെല്ലില്‍ നിന്ന് അരി മാത്രം കിട്ടുന്നു . എംപിരിക്കല്‍ നോളജാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഒരിക്കല്‍ അത് കവിതയിലെ ഒരു സംഭവമായിരുന്നു.

അതിന് രാഷ്ട്രീയം ഉണ്ടായിരുന്നു. അത് സ്വന്തം ഭാഷ കണ്ടെത്തി. സ്ത്രീയെഴുത്തിന്റെയും ദളിത് എഴുത്തിന്റെയും തലം ഈ ആനുഭാവികമായ ഉറവിടത്തില്‍ നിന്ന് മാറി ഒരു ബൃഹദ് രാഷ്ട്രീയത്തിന്റെ ഭാഗമാകുക നല്ലതാവില്ലേ ? ആദിവാസികളുടെയും ട്രാന്‍സ് ജെന്റേഴ്‌സിന്റെയും എഴുത്ത് അല്പകാലം കൂടി അവിടെത്തന്നെ നിന്നേക്കാം. ഇത്രമാത്രം മെയില്‍ സ്ട്രീമില്‍ ആധിപത്യം പുലര്‍ത്തുന്ന സ്ത്രീ, ദളിത് എഴുത്തുകള്‍ക്ക് ഇനി മുന്നോട്ടു പോകണമെങ്കില്‍ വിശാല ലോകത്തിന്റെ ഭാഗമാകേണ്ടേ? കാരണം ലോകത്തിലെ മേജര്‍ ഇഷ്യൂസ് എല്ലാം നമ്മെ ബാധിക്കുന്നുണ്ട്.

നമ്മള്‍ ഭൂമി മുഴുവനും വ്യാപിച്ചിരിക്കുന്നു. രാഷ്ട്രസങ്കല്പം തന്നെ മാറുകയാണ്. യൂറോപ്പില്‍ ഒരു കുട്ടിക്ക് പനിവന്നാല്‍ ഇവിടേക്കും പകരുന്നു. ഒരു രാജ്യത്തു തന്നെ എല്ലാ രാജ്യങ്ങളിലേയും ആളുകള്‍ ഉണ്ട്. രാജ്യങ്ങളില്‍ പുതിയ പൗരത്വങ്ങള്‍ ഉണ്ടാകുന്നു. ലോകം മുഴുവനും ഒറ്റ ഗവണ്‍മെന്റിന്റെ കീഴിലാവാന്‍ ഉള്ള സാധ്യത കാണുന്നില്ലെങ്കിലും രാജ്യം , ഭാഷ , വംശം, വര്‍ണം എന്നിവയുടെ അതിരുകള്‍ ഭേദിച്ച് മനുഷ്യര്‍ സഞ്ചരിക്കുന്നു . തൊഴിലെടുക്കുന്നു. ജീവിക്കുന്നു. ബന്ധങ്ങളില്‍പ്പെടുന്നു. ജാതി മതം വര്‍ണം എന്നിങ്ങനെ ആഴത്തില്‍ വേരൂന്നിയ ബോധ്യങ്ങളെ വലിച്ചെറിയൂ കവികളേ !