താനൂര്‍: ഭര്‍ത്താവിന്റെ അക്രമണത്തില്‍ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ രേഷ്മ ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍. മൂത്തം പറമ്പില്‍ രേഷ്മയാണ് താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിയിലുള്ളത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ രേഷ്മയ്ക്ക് സ്വന്തം അമ്മയെയും നഷ്ടപ്പെട്ടിരുന്നു. മര്‍ദനമേറ്റ ചികിയില്‍ കഴിയുന്നതിനിടെ പക്ഷാഘാതം വന്ന് അച്ഛന്‍ കിടപ്പിലായി. ആകെയുള്ളത് ഒരു സഹോദരന്‍ മാത്രമാണ്.
ഈ സഹോദരന്‍ രഞ്ജിത്ത് ആണ് രേഷ്മയെ നോക്കുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന രേഷ്മയുടെ ജീവിതം മാറിമറിഞ്ഞത് ഡിസംബറിലാണ്. ഇരുമ്പുവടിയുമായി വീട്ടിലെത്തിയ ഭര്‍ത്താവ് രേഷ്മയേയും അമ്മയേയും അച്ഛനേയും തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരകമായി മുറിവേറ്റ അമ്മ ജയ അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. അച്ഛന്‍ ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ പക്ഷാഘാതം വന്ന് കിടപ്പിലുമായി. ഇതോടെ രേഷ്മയുടെ ദുരിതവും ഇരട്ടിച്ചു.
രേഷ്മയുടെ നാലു വയസുകാരിയായ മകള്‍ ബന്ധുക്കളുടെ കൂടെയാണിപ്പോള്‍ കഴിയുന്നത്. തലയോട്ടി തകര്‍ന്ന രേഷ്മയുടെ ചികിത്സക്ക് ഇതിനകം തന്നെ 15 ലക്ഷത്തോളം രൂപ ചെലവായി. ഇതില്‍ നാലര ലക്ഷം രൂപയോളം വീട് പണയം നല്‍കിയാണ് കണ്ടെത്തിയത്. ബാക്കിയെല്ലാം കടമാണ്. രേഷ്മയുടെ തകര്‍ന്ന തലയോട്ടിക്ക് പകരം കൃത്രിമ തലയോട്ടി വെക്കാനുള്ള ശസ്ത്രക്രിയ നടത്താനും തുടര്‍ ചികിത്സക്കുമായി ഇനിയും 20 ലക്ഷം രൂപയോളം വേണം. എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് സഹോദരന്‍. റാസല്‍ ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ സഹോദരന്‍ രഞ്ജിതാണ് രേഷ്മക്ക് താങ്ങായി ഒപ്പമുള്ളത്. തന്നെ കാത്തിരിക്കുന്ന മകള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെയെത്താന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രേഷ്മ കഴിയുന്നത്.