വിവാഹ സല്‍ക്കാരത്തിനിടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റമുട്ടി

Crime

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് ഏറ്റമുട്ടി. സല്‍ക്കാരത്തിനിടെ നടന്ന ഗാനമേളയെച്ചൊല്ലിയാണ് വേദിയില്‍ കൂട്ടത്തല്ല് നടന്നത്. അടി തുടങ്ങിയതോടെ പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാരെയും അക്രമി സംഘം വെറുതെവിട്ടില്ല. തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.

തിരുവനന്തപുരം ബാലരാമപുരം പെരിങ്ങമ്മലയിലെ സി എസ് ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടയിലാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ അക്രമാസക്തരായി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

സല്‍ക്കാരത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തില്‍ ഗാനമേളയുണ്ടായിരുന്നു. പാട്ടിനനുസരിച്ച് ചുവടുവച്ച് ഒരു സംഘം ആളുകള്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനെ ഒരു വിഭാഗം എതിര്‍ത്തു. ഇതോടെ വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവര്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടാകുകയായിരുന്നു.