വെളിച്ചം നഗർ / കരിപ്പൂർ: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി 15 മുതൽ 18 വരെ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള ദി മെസേജ് എക്സിബിഷൻ പ്രദർശനം തുടങ്ങി. പ്രപഞ്ച വിസ്മയങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കിയ മെസേജ് എക്സിബിഷൻ കാണാൻ ഉദ്ഘാടനത്തിനു മുമ്പേ തന്നെ വൻ ജനാവലി എത്തിച്ചേർന്നിരുന്നു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി എം.ഇ.എസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര നിഗമനങ്ങളെ ശാസ്ത്ര സത്യങ്ങളാക്കി അവതരിപ്പിച്ച് ദൈവത്തെ വെല്ലുവിളിപ്പിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര നിഗമനങ്ങളെ ശാസ്ത്രീയ സത്യമാക്കി അവതരിപ്പിച്ച് ദൈവത്തെ വെല്ലുവിളിക്കുന്നത് അസംബന്ധമാണ്. ശാസ്ത്രീയ സത്യങ്ങൾക്ക് ഒരിക്കലും നിഷേധിക്കാനാവാത്ത ഖുർആനിന്റെ ദർശനങ്ങൾക്കാണ് എന്നും പ്രസക്തിയുള്ളത്.ഭൂമി ഉരുണ്ടതല്ല എന്ന് ആദ്യം ലോകത്തെ പഠിപ്പിച്ച ശാസ്ത്രം പിന്നീട് തിരുത്തുകയും പരിഹാസ്യരാകുകയും ചെയ്തിട്ടുണ്ട്. സ്വവർഗരതിയിൽ നിന്ന് എയിഡ്സ് വ്യാപിക്കുന്നു എന്ന് പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ എയിഡ്സ് ബോധവൽക്കരണ റാലി നടത്തുകയല്ല വേണ്ടതെന്നും സ്വവർഗരതിയെ നിരുൽസാഹപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വി.പി. ശിയാസ് മുഖ്യാതിഥിയായി.
ഡോ. മുബശ്ശിർ പാലത്ത് അദ്ധ്യക്ഷത വഹിച്ചു.
വിവിധ പവലിയനുകൾ കെ. എൻ. എം . മർകസുദ്ദഅവ പ്രസിഡൻ്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി (അസ്ട്രോണമി ), കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് പ്രൊഫ.എ.അബ്ദുൽ ഹമീദ് മദീനി (പ്രവാചക ജീവിതം – സുവർണ കാലഘട്ടം) , കെ.എൻ . എം . മർക്കസു ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി (മെഡിക്കൽ ) , കെ.ജെ. യു സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി ( വേദ വെളിച്ചം),എം അഹ്മദ് കുട്ടി മദനി ( ലഹരി വിമുക്ത പ്രദർശനം), സംഘാടക സമിതി വൈസ്. ചെയർമാൻ കെ.എൽ.പി യൂസുഫ് ( കാഴ്ച്ച എക്സിബിഷൻ), വി.പി. എസ് ഹാച്ചറിസ് ചെയർമാൻ ഷിയാസ് ( സമുദ്രശാസ്ത്രം), ഐ.എസ് .എം ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് ( പരിസ്ഥിതി), അബ്ദു ലത്തീഫ് കരുമ്പിലാക്കൽ (ഹാപ്പിനസ് ) തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
പ്രകൃതി പ്രതിഭാസങ്ങൾ, മനുഷ്യ സൃഷ്ടിപ്പിൻ്റെ വിവിധ തലങ്ങൾ, ആഴക്കടലിലെ ജൈവ വൈവിധ്യങ്ങൾ, ആകാശ പ്രപഞ്ച വിസ്മയങ്ങൾ, സസ്യലതാതികൾ, ജീവി വർഗങ്ങൾ തുടങ്ങി ദൈവിക അസ്തിത്വം ശാസ്ത്രീയ സത്യങ്ങളിലൂടെ ബോധ്യപ്പെടുത്തുന്ന പ്രദർശനം 16 വരെ നീണ്ടു നില്കും. ദിവസവും കാലത്ത് 11 മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രദർശനം.പ്രവേശനം സൗജന്യമായിരിക്കും.
മാലിന്യ മുക്ത, ആരോഗ്യ, ഹരിത , കാർഷിക കേരളം എന്ന പ്രമേയത്തിൽ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്. എം കേരളയുടെ പരിസ്ഥിതി വിഭാഗമായ ബ്രദർനാറ്റ് ഒരുക്കുന്ന കാർഷികമേള ഇന്ന്( ശനി ) രാവിലെ 10:30 ന് സംസ്ഥാന കൃഷി അസിസ്റ്റന്റ് ഡയരക് ടർ ടി.കെ. സൈഫുന്നീസ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പ്രൊഫ . എം ഹാറൂൺ അധ്യക്ഷത വഹിക്കും. ഡോ. റജുൽ ഷാനിഷ്, ഡോ. ലബീദ് നാലകത്ത് , യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര പ്രസംഗിക്കും. കാർഷിക മേള 18 വരെ തുടരും.
വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കിഡ്സ് പോർട്ടും ഇന്ന് ( ശനി ) മുതലാണ് പ്രവർത്തനമാരംഭിക്കുക. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും കൗതുകം നിറച്ച കിഡ്സ് പോർട്ടിലേക്ക് പ്രവേശനം. വെളിച്ചം നഗരിയിൽ ഒരുക്കിയ മുഴുവൻ പരിപാടികളിലും പ്രവേശനം സൗജന്യമാണ്. തിരക്ക് കുറയ്ക്കാനായി എക്സിബിഷനും കിഡ്സ് പോർട്ടിനും ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
15 മുതൽ 18 വരെയാണ് വൻ ജനാവലി പങ്കെടുക്കുന്ന പ്രധാന സമ്മേളനങ്ങൾ നടക്കുന്നത്.