സയണിസം ലോക സമാധാനത്തിന് വെല്ലുവിളി: ഖുര്‍ആന്‍ വിജ്ഞാനവേദി

Malappuram

കരിപ്പൂര് (വെളിച്ചം നഗര്‍): വംശ മാഹാത്മ്യത്തിന്റെ പേരില്‍ ലോകത്ത് അധിനിവേശ ശ്രമങ്ങള്‍ നടത്തുന്ന സയണിസം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.

ഏഴുപതിറ്റാണ്ടുകാലമായി ഫലസ്തീനികള്‍ക്കുനേരെ തുല്യതയില്ലാത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ലോകസമാധാനത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് സയണിസം. അതുകൊണ്ട് തന്നെ ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന മുഴുവന്‍ സമൂഹങ്ങളും ഇത്തരം മനുഷ്യത്വരഹിത നീക്കങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്ന്് ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന വേദി അഭിപ്രായപ്പെട്ടു. വെളിച്ചം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്തു.

വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍ കരിം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെളിച്ചം പതിനെട്ടാം ഘച്ചത്തിന്റെയും ബാലവെളിച്ചം പതിമൂന്നാം ഘട്ടത്തിന്റെയും സംസ്്്ഥാനതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വെളിച്ചം വൈസ് ചെയര്‍മാന്‍ കുഞ്ഞമ്മദ് മദനി നിര്‍വഹിച്ചു.

പത്താം ദിനത്തില്‍ 27, 28, 29 ഭാഗങ്ങളെ അധികരിച്ച് അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, ഇബ്രാംഹിംകുട്ടി സലഫി എന്നിവര്‍ ഇബാദത്ത്: അര്‍ത്ഥം വ്യാഖ്യാനം എന്ന വിഷയത്തിലും എം ടി മനാഫ് മാസ്റ്റര്‍, ഷഹീര്‍ വെട്ടം എന്നിവര്‍ യഹൂദികള്‍-സയണിസം എന്ന വിഷയത്തിലും പി ടി മുഹമ്മദലി സുല്ലമി, സുബൈര്‍ തങ്ങള്‍ എന്നിവര്‍ അന്ത്യനാള്‍ അടയാളങ്ങള്‍ ഖുര്‍ആനില്‍ എന്ന വിഷയത്തിലും ക്ലാസെടുത്തു.

സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട്് 4.30ന് ജുസുഅ് 30നെ അധികരിച്ച് കാലം തന്നെയാണ് സത്യം എന്ന വിഷയത്തെ ആസ്പദമാക്കി കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, മൂസ സുല്ലമി ആമയൂര്‍ എന്നിവര്‍ പഠന സെഷന് നേതൃത്വം നല്‍കും.