കാവിലെ പാട്ടു മത്സരം വരാനിരിക്കുന്നു, എല്ലാ കളിക്കളങ്ങളും മൊട്ടേര സ്‌റ്റേഡിയമായി മാറാനിരിക്കുന്നതേയുള്ളു

Articles

സുധീര്‍ പണ്ടാരത്തില്‍

ന്നായി കളിക്കുന്നവര്‍ കിലുക്കിക്കുത്തില്‍ ആയാലും ക്രിക്കറ്റിലായാലും ജയിക്കും. അതറിയാത്തവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ‘ജെയ് ശ്രീറാം’ വിളിക്കും. അപ്പോള്‍ എന്തു സംഭവിക്കും? തൊണ്ട പൊട്ടും. അത്ര തന്നെ ! ഗുജറാത്തിലെ സംഘിക്കുട്ടന്മാര്‍ ഗോമൂത്രം കുടിച്ചും , ചാണകവറളി പുകച്ച് തൊണ്ടയില്‍ കൊള്ളിച്ചും പൊട്ടിയ തൊണ്ട നേരെയാക്കിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ആശ്വാസവാര്‍ത്ത എത്തുന്നത് സ്‌കൂളുകളില്‍ സാമൂഹ്യ പാഠത്തില്‍ രാമായണവും മഹാഭാരതവും പഠിപ്പിക്കാന്‍ NCERT യുടെ പാഠപുസ്തക പരിഷ്‌കരണസ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു !

”ഡാ തെണ്ടീ ,പോടാ തെണ്ടീ… ” ഫെയിം ചരിത്ര പണ്ഡിതനും മലയാളികളുടെ അഭിമാനവുമായ പത്മശ്രീ പ്രൊഫ. സി.ഐ ഐസക് അവറുകള്‍ അധ്യക്ഷ മഹോദയ് ആയ സമിതിയാണ് ഈ സമിതി എന്നതാണ് ഇതിലെ ഏറ്റവും രോമാഞ്ചജനകമായ ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ചഇഋഞഠ യുടെ സാമൂഹ്യപാഠം പഠിച്ച്, ഭാരതവര്‍ഷത്തിലെ ചരിത്രപുരുഷന്മാരായ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ആരാധകരായി വളരുന്ന ഒരു തലമുറ വരാനിരിക്കുകയാണ് എന്ന്.

അവര്‍ വരും. അലകടലായി, പ്രതികാര ദാഹികളായി വരും. സ്‌റ്റേഡിയങ്ങളായ സ്‌റ്റേഡിയങ്ങളെല്ലാം അവരെക്കൊണ്ട് നിറയും. അനന്തരം ‘ജെയ് ശ്രീറാം , ജെയ് ശ്രീകൃഷ്ണ് ‘ വിളികളാല്‍ അവ പ്രകമ്പനം കൊള്ളും. കളിയേതാണ് കാര്യമേതാണ് എന്നറിയാതെ എതിരാളികള്‍ വിഭ്രാന്തിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പരാജയത്തിന്റെ പടുകുഴിയില്‍ വീഴും. കാവിലെ പാട്ടുമത്സരം വരാനിരിക്കുന്നതേയുള്ളൂ ; എല്ലാ സ്‌റ്റേഡിയങ്ങളും മൊട്ടേര സ്‌റ്റേഡിയങ്ങളായി മാറാനിരിക്കുന്നതേയുള്ളൂ.