സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Eranakulam

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുള്‍പ്പെടെ മലയോരജനതയ്ക്കെതിരെ നടത്തുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് വെടിവെച്ച് കര്‍ഷകന്‍ മരണപ്പെട്ടു.  കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്യജീവികളെയിറക്കി മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. കാര്‍ഷികോ ല്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് തയ്യാറാകാതെ കാര്‍ഷികമേഖലയെ രാജാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ക്രൂരത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന്‍ നിയമമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണ്. കര്‍ഷകരെയും മലയോരജനതയെയും കാലങ്ങളായി വഞ്ചിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളാണ്. വരുംദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കും. ഡല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട കര്‍ഷകന്‍ ശുഭ്കരണ്‍ സിംങ്‌ന്  രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി സി  സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി,എന്‍.എഫ്.ആര്‍.പി.എസ്.ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോയി കണ്ണഞ്ചിറ, പി ജെ ജോണ്‍ മാസ്റ്റര്‍, നെല്‍ക്കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, ഒ.ഐ. ഒ.പി. രക്ഷാധികാരി സുജി മാസ്റ്റര്‍ കര്‍ഷകവേദി വൈസ് ചെയര്‍മാന്‍ ടോമിച്ചന്‍ സ്‌കറിയ ഐക്കര, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന  ട്രഷറര്‍ ജിന്നറ്റ് മാത്യം, വൈസ്  ചെയര്‍മാന്‍ ജോര്‍ജ് സിറിയക്, കണ്‍വീനര്‍ മനു ജോസഫ്, സിറാജ് കൊടുവായൂര്‍,  ജോസഫ് തെള്ളിയില്‍, ഷാജി തുണ്ടത്തില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കളായ ബിജോ മാത്യു, സിറിയക് കുരുവിള, അപ്പച്ചന്‍ ഇരുവേലില്‍, ജറാര്‍ഡ് ആന്റണി, ക്ലമന്റ് കരിയാപുരയിടം, വിജയന്‍ കൊരട്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.