നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കൊച്ചി: ക്രൈസ്തവര്‍ക്കുനേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആക്രമണങ്ങള്‍ മതേതര ഇന്ത്യയെ മുറിപ്പെടുത്തുന്നതാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വമവസാനിപ്പിച്ച് അടിയന്തര സമാധാന നടപടികളെടുക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍, കൊണ്ടഗാവ് ആദിവാസി ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിന് തുടങ്ങിയ ആക്രമണങ്ങള്‍ ഇന്നും തുടരുകയാണ്. ഇതിന് തടയിടുവാനും സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാനും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതൃത്വ ഭൂപേഷ് ഭാഗേല്‍ സര്‍ക്കാരിനായിട്ടില്ല. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലും യുപിയിലെ റായ്പൂര്‍ ജില്ലയിലും ബുലന്ദ്ഷഹറിലും ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ആരാധനാകേന്ദ്രങ്ങളും വിശ്വാസികളും ആക്രമിക്കപ്പെട്ടു. ഒക്‌ടോബറില്‍ റൂര്‍ക്കിയിലെ സോളനിപുരത്ത് പള്ളി തകര്‍ത്തതിന്റെ തുടര്‍ച്ചയാണ് നാരായണ്‍പൂര്‍ ബംഗ്ലാപ്പാറയില്‍ സേക്രട്ട്ഹാര്‍ട്ട് പള്ളി സായുധരായെത്തിയവര്‍ അക്രമിച്ച് തിരുസ്വരൂപങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരിക്കുന്നത്.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസികളെ മുന്‍നിര്‍ത്തി തീവ്രവാദഗ്രൂപ്പുകള്‍ നിയമം കൈയിലെടുത്ത് ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുന്നത് ദുഃഖകരമാണ്. അക്രമണത്തിന്റെ അനന്തരഫലമായി ഛത്തീസ്ഗഢിലെ മദാംനര്‍ ഗ്രാമത്തില്‍നിന്ന് ക്രൈസ്തവര്‍ പാലായനം ചെയ്തിരിക്കുന്നു. നൂറോളം അക്രമങ്ങള്‍ അരങ്ങേറിയിട്ടും പൊലീസ് എഫ് ഐ ആര്‍ എടുത്തിട്ടില്ലെന്നുള്ള ആക്ഷേപവും നിലനില്‍ക്കുന്നു. ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് അവസാനം കണ്ടെത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ നിര്‍വ്വഹിക്കണം. മതേതര ഭാരതത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ അക്രമിച്ചും ഭീഷണിപ്പെടുത്തിയും ക്രൂശിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന് ഭരണഘടന ഉറപ്പേകുന്ന സംരക്ഷണം ലഭ്യമാക്കണമെന്നും വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.