കലോത്സവ വേദികളില്‍ നിന്ന് മുഷ്താഖും എന്‍ പിയുടെ വിഖ്യാതമായ ‘എണ്ണപ്പാട’വും പുറത്ത്

Kerala News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

എ വി ഫര്‍ദിസ്

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് സുല്‍ത്താന്‍ വീടിന്റെ കഥാകാരന്‍ മുഷ്താഖും എന്‍ പി മുഹമ്മദിനെ മലയാളത്തില്‍ അടയാളപ്പെടുത്തുന്ന ‘എണ്ണപ്പാട’വും പുറത്ത്. ബേപ്പൂര്‍, കക്കട്ടില്‍, തിക്കോടി മുതല്‍ പുതിയ തച്ചനക്കര വരെ ഇടം പിടിച്ചപ്പോഴാണ് എണ്ണപ്പാടം പുറത്തായത്. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളുടെ ഈ പ്രാവശ്യത്തെ പേരുകളില്‍ മിക്കവാറും പ്രശസ്ത സാഹിത്യകൃതികളിലെ ദേശങ്ങളുടെ പേരുകളാണ്. എന്നാല്‍ കലോത്സവ വേദികള്‍ക്ക് കിലോമീറ്ററുകള്‍ തൊട്ടടുത്തുള്ള എണ്ണപ്പാടത്തെ വേദി നാമകരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഭാവനയില്‍ ഉള്ള ദേശനാമങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാമെങ്കിലും എന്‍ പി മുഹമ്മദ് എന്ന കഥാകാരന്‍ ഇപ്പോഴും വായനക്കാരന്റെ മനസ്സില്‍ ജീവിക്കുന്നത് എണ്ണ പാടത്തിന്റെ കഥാകാരനായിട്ടാണ്. താഴെക്കിടയിലെ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, കോഴിക്കോട്ടെ ഈ പഴയ ചേരിപ്രദേശത്തെ ഖമറുദ്ദീനും, കൗജു താത്തയും കല്‍മേയി താത്തയും കമ്മ്യൂണിസ്റ്റ് ഉസ്സനുമെല്ലാം ഇപ്പോഴും വായനക്കാരുടെ മനസ്സില്‍ മരിക്കാതെ കിടക്കുമ്പോഴാണ് സംഘാടകര്‍ ഇങ്ങനെ മാറ്റി നിറുത്തിയത്. എന്നാല്‍ എന്‍ പി മുഹമ്മദിനെ മറന്നിട്ടില്ലെന്നും നാരകം പുരീ എന്ന അദ്ദേഹത്തിന്റെ വിട്ടു പേരിലൂടെ നാമകരണം ചെയ്തിട്ടുണ്ടെന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി കെ അരവിന്ദന്‍ പറഞ്ഞത്.

എന്നാല്‍ എന്‍ പിയുടെ മാസ്റ്റര്‍ പീസെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പേരിന് പകരം നാരകം പുരം എന്ന് കൊടുക്കുന്നതിന്റെ ഔചിത്യമെന്താണെന്ന ചോദ്യമാണ് പ്രദേശത്തുകാര്‍ ഉയര്‍ത്തുന്നത്. എണ്ണപ്പാടം ഉള്‍പ്പെടുന്ന തെക്കേപ്പുറം കലോത്സവത്തിലെ ഒരു വേദി കൂടിയാണെന്നത് കൂടി സംഘാടകര്‍ കണ്ടില്ലെന്നു നടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിലുള്ള പ്രതിഷേധം കൊണ്ട്, മഹാനായ കഥാകൃത്ത് എന്‍ പി മുഹമ്മദിന്റെ എണ്ണപ്പാടം ദേശത്തേക്ക് സ്വാഗതം എന്ന ബോര്‍ഡ് ഇടിയാങ്ങരയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ഇവിടത്തുകാരന്‍ തന്നെയായ സുല്‍ത്താന്‍ വീട് എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ പി ഏ മുഹമ്മദ് കോയ എന്ന മുഷ്താഖിനെയും സംഘാടകര്‍ മറന്നിരിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. ഇതു പോലെ നാടകാചാര്യന്‍ കെ ടി മുഹമ്മദിനെ അനുസ്മരിച്ചു കൊണ്ട് വേദിക്ക് പേരിട്ടത് വെറും ഭൂമി എന്നാണ്!. ഇത് ഭൂമിയാണ് ഉദ്ദേശിക്കുന്നതെന്ന് നാട്ടുകാര്‍ തെരഞ്ഞുപിടിച്ച് മനസ്സിലാക്കണമെന്നായിരിക്കും പ്രോഗ്രാം കമ്മിറ്റിക്കാര്‍ ഉദ്ദേശിക്കുന്നത്.

വ്യക്തികളുടെ നാമം നല്കുന്നതില്‍ നിന്ന് വേദി നാമകരണത്തില്‍ പുതുമയുണ്ടെങ്കിലും വ്യത്യസ്തക്കുവേണ്ടി അമിത പരീക്ഷണം നടത്തി, മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാരെയും കൃതികളെയും വേണ്ട വിധം ആദരിക്കപ്പെടാതെ പോകുന്ന കാഴ്ച കലോത്സവത്തിന്റെ പ്രൗഡി കുറക്കുന്ന ആദ്യ കല്ലുകടിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *