ബ്രഹ്മഗിരിയിലും ഇ ഡി വരണ്ടേ ?

Opinions

പ്രതികരണം / കെ കെ സുരേന്ദ്രന്‍

ബ്രഹ്മഗിരി എന്ന് കൃഷ്ണപ്രസാദും സംഘവും ആര്‍ത്ത് വിളിച്ചു നടക്കുന്ന കാലം. പോത്ത് മുയല്‍ കാട കോഴി തുടങ്ങിയ മൃഗങ്ങളെ പോറ്റി വളര്‍ത്തി കര്‍ഷകര്‍ സ്വാശ്രയത്വം നേടി സംതൃപ്ത ജീവിതം നയിക്കുമെന്ന് വീമ്പടിച്ച സുവര്‍ണകാലം. ബ്രഹ്മഗിരി കമ്പനി വളര്‍ത്താനുള്ള കുഞ്ഞുങ്ങളെയും തീറ്റയും കൊടുക്കും. ഇത് മൂലധനം. പരിപാലിക്കാനുള്ള കഴിവ് കര്‍ഷകരുടെ മുതല്‍ മുടക്ക്.

കൃഷ്ണപ്രസാദ് പറയുന്ന കര്‍ഷകര്‍ കര്‍ഷക സംഘക്കാരായ പാര്‍ട്ടിക്കാരാണല്ലോ. അന്നൊരു നാള്‍ ബത്തേരി നഗരത്തില്‍വെച്ചു കണ്ടപ്പോള്‍ പതിവ് ലോഹ്യം പറച്ചിലിനപ്പുറം അദ്ദേഹത്തോട് ബ്രഹ്മഗിരി പദ്ധതിയെക്കുറിച്ചും അതില്‍ ആദിവാസികള്‍ക്കവസരം കൊടുക്കുന്നതിനെക്കുറിച്ചും ചോദിച്ചു. എപ്പോഴും ആദിവാസികളെക്കുറിച്ച് മാത്രം പറയുന്നതിനെക്കുറിച്ച് പരിഹസിച്ചു കൊണ്ടദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ആദിവാസി മേഖലയിലേക്ക് കടക്കുമെന്നാണ്. എന്തായാലും ചെങ്കൊടി പിടിക്കുകയും ക്ഷേമ സമിതിയ്ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നവരെ ബ്രഹ്മഗിരി പ്രവര്‍ത്തകരായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാമങ്കം കഴിഞ്ഞ ദിവസത്തേതാണ്. വല്ലപ്പോഴും പോകുന്ന ബ്രഹ്മഗിരി ഔട്ട്‌ലെറ്റാണ് വേദി. അവിടത്തെ വില്പനക്കാരനായ പയ്യന്‍ പറഞ്ഞത് ബോര്‍ഡ് ഉപേക്ഷിക്കാതെ ഇനി രക്ഷയില്ലെന്നാണ്. വില്‍പനയ്ക്ക് ഉല്പന്നങ്ങളൊന്നും കിട്ടുന്നില്ലെന്നു മാത്രമല്ല ഡെപ്പോസിറ്റ് ചെയ്തവരെന്ന് അവകാശപ്പെട്ട് ചിലര്‍ കഴിഞ്ഞ ദിവസം ചീത്ത വിളിച്ച് പോയതായി അയാള്‍ സങ്കടം പറഞ്ഞു. കൂടാതെയൊരു ഭീഷണിയും. പൈസ തിരികെ കൊടുത്തില്ലെങ്കില്‍ ശരിയാക്കുമെന്ന് പറഞ്ഞു പോലും.

ബ്രഹ്മഗിരി സൊസൈറ്റി കെട്ടിപ്പടുക്കുന്നതും അതിനായി സര്‍ക്കാര്‍ വകുപ്പുകളുടെയൊക്കെ സഹായം സംഘടിപ്പിക്കുന്നതിനും മുന്നില്‍ നിന്നത് സഖാവ് പി വി വര്‍ഗീസ് വൈദ്യരായിരുന്നു. അക്കാലത്തദ്ദേഹം എം.എല്‍.എയുമാണ്. ഇതിനായദ്ദേഹം തിരുവനന്തപുരത്ത് വകുപ്പ് സെക്രട്ടറിമാരോട് കലഹിച്ച കഥകള്‍ നാട്ടില്‍ പാട്ടാണ്. വയനാട്ടില്‍ ദീര്‍ഘകാലം കര്‍ഷക, കര്‍ഷകത്തൊഴിലാളി മേഖലയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയ നേതാവാണ് വൈദ്യര്‍. പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളിക്ക് (ആദിവാസിക്ക്) ‘എന്താടോ കിട്ട്‌ണേ പട്ട്ണിയല്ലേ കിട്ട്‌ണേ’ എന്ന് വൈദ്യര്‍ പ്രസംഗത്തിനിടെ ചോദിക്കുന്നത് തമാശയായി ഞങ്ങള്‍ ശബ്ദാനുകരണം നടത്താറുണ്ടായിരുന്നു. ആദിവാസികളുടെ, കര്‍ഷകത്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ ഉപകരിക്കട്ടെ എന്ന ചിന്ത കൊണ്ടായിരിക്കാം വൈദ്യരൊരു പക്ഷേ ഇങ്ങനെയൊരു സംരംഭത്തിന്നൊരുങ്ങിയത്. എന്നാല്‍ തുടര്‍ന്ന് കാര്യങ്ങളേറ്റെടുത്ത മുന്‍ എം.എല്‍ എ കൃഷ്ണപ്രസാദിന്റെ മനസ്സില്‍ ആദിവാസി കളുണ്ടായിരുന്നോ എന്ന് സംശയം.

തിരുനെല്ലിയില്‍ അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ കൈത്തറി നിര്‍മാണകേന്ദ്രം അവരെ കയ്യൊഴിഞ്ഞിട്ട് കാലമേറെയായി. ഇന്നവിടെ പേരിന് പോലും ഒരാദിവാസിയോ അവിവാഹിതയായ അമ്മയോ ഇല്ലെന്നാണ് കേള്‍ക്കുന്നത്. എല്ലാം സഖാക്കള്‍, അവരുടെ ഭാര്യമാര്‍, ബന്ധുമിത്രാദികള്‍ മാത്രം. അവിവാഹിത അമ്മമാരായി വേഷപ്പകര്‍ച്ച നടത്താന്‍ പോലും അവര്‍ തയ്യാറാണ്. എന്തു ചെയ്യും, പാര്‍ട്ടി ഭരിക്കുമ്പോള്‍ സഖാക്കള്‍ കൊണ്ടുവന്ന പദ്ധതിയല്ലേ ?

ഈയടുത്തകാലത്ത് കരുവന്നുരും കണ്ണനുമെല്ലാം കത്തിനില്‍ക്കുന്ന ദിനങ്ങളിലൊന്നില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു സുഹൃത്തിനെ കണ്ടു. അദ്ദേഹം 20 ലക്ഷം രൂപയാണ് ബ്രഹ്മഗിരിയില്‍ നിക്ഷേപിച്ചത്. സര്‍ക്കാര്‍ സര്‍വ്വീസ് കാലത്ത് ഇടതു സംഘടനയില്‍ അംഗങ്ങളായിരുന്ന നിരവധി സുഹൃത്തുക്കള്‍ വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ പാര്‍ട്ടിയെ വിശ്വസിച്ച് ബ്രഹ്മഗിരിയ്ക്ക് കൊടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിക്കുവാന്‍ ഇവരെയൊക്കെ പ്രേരിപ്പിച്ച മുന്‍ സംഘടനാ നേതാവ് ഒടുവില്‍ നാടു വിട്ടതായി കേള്‍ക്കുന്നു.

എന്താണ് ബ്രഹ്മഗിരിയില്‍ സംഭവിച്ചതെന്നോ എത്ര തുക നഷ്ടപ്പെട്ടെന്നോ ആരാണതിന് ഉത്തരവാദികളെന്നോ ഇപ്പോഴാര്‍ക്കുമറിയില്ല. പാര്‍ട്ടിയും പത്രങ്ങളും ചാനലുകളും നിശ്ശബ്ദരാണ്. മനോരമ ദിനപത്രത്തിന്റെ പ്രാദേശിക പേജില്‍ അച്ചടിച്ചുവന്ന ചില വാര്‍ത്തകള്‍ മാത്രമാണിതിനപവാദം. പ്രതിപക്ഷ കക്ഷികളും ഇവിടെ മൗനത്തിലാണ്. കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനുമൊന്നും നൂറുകണക്കിന് നിക്ഷേപകര്‍ ചതിക്കപ്പെട്ടതില്‍ വ്യഥയില്ല. കാരണം പറ്റിക്കപ്പെട്ട ആയിരത്തോളം പേരില്‍ ഇപ്പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ ഇല്ല. പേരിന് പ്രതിഷേധത്തിനങ്ങിയവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളുടെ കാഠിന്യം ഉയര്‍ന്നു വരാനിടയുള ശബ്ദത്തെ അടിച്ചമര്‍ത്തി.

എന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന ഇക്കാലമത്രയും ബ്രഹ്മഗിരിയിലേക്കൊഴുക്കിയ പൊതുപ്പണത്തിന്റെ അളവിനെക്കുറിച്ചുള്ള വേവലാതിയും എവിടെ നിന്നും ഉയരുന്നില്ല. വികലവും അശാസ്ത്രീയവുമായ ആസൂത്രണവും മാനേജ്‌മെന്റുമാണ് പൊതു ധനത്തിന്റെ ദുര്‍വ്യയത്തിന് വഴിവെച്ചത്. കൈവരിക്കാനാവാത്ത ലക്ഷ്യം നിശ്ചയിക്കുകയായിരുന്നു മാറി വന്ന സര്‍ക്കാരുകള്‍ക്കൊപ്പം സൊസൈറ്റിയും. തുടക്കത്തിലെ പാളിപ്പോയ പദ്ധതിയാണെന്ന് മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരമൊരു നടപടിയും ഉണ്ടായതുമില്ല.

കേരളത്തിന്റെ മാതൃക പരിപാടിയെന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട കേരള ചിക്കന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ബ്രഹ്മഗിരിയെ നിശ്ചയിച്ചതും അതോടനുബന്ധിച്ചു നടന്ന ഇടപാടുകളുമാണ് ഈ സൊസൈറ്റിയുടെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്ക് ഹേതുവായത്. നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതിയില്ലാതിരിക്കെ പ്രത്യേക സംവിധാനം ക്രമപ്പെടുത്തിയാണ് ഏതാണ്ട് അറുപത് കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചത്. ഇങ്ങിനെ പണം ശേഖരിക്കപ്പെട്ടവരില്‍ സഹകരണ ധനകാര്യ സ്ഥാപനങ്ങളും അയല്‍കൂട്ടങ്ങളും ഉള്‍പ്പെടും. ഇവ്വിധം ധനനഷ്ടം സംഭവിച്ച മറ്റൊരു വിഭാഗം വിരമിച്ച അധ്യാപകരാണ്. ചതിക്കപ്പെട്ടവരില്‍ ഇവര്‍ക്കാണ് ബൃഹത്തായ നഷ്ടം സംഭവിച്ചത്.

അരക്കോടി രൂപ നഷ്ടമായ അധ്യാപക ദമ്പതികളും അക്കൗണ്ടില്‍ നിന്നും കാല്‍ കോടിയോളം ചോര്‍ന്നുപോയ കോളേജ് അധ്യാപകനും ധനനഷ്ടം സംഭവിച്ചവരിലുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ നിരന്തര പ്രേരണയാണ് മിക്കവരെയും ജീവിത സായാഹ്നത്തില്‍ പടുകുഴിയില്‍ വീഴ്ത്തിയത്. പൂര്‍ണമായി തകര്‍ന്നെന്നു തുറന്നു പറയാനോ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനോ ഇപ്പോള്‍ സൊസൈറ്റി ഭാരവാഹികള്‍ക്കോ പാര്‍ട്ടി നേതൃത്വത്തിന്നോ കഴിയുന്നില്ല. പ്രശ്‌നപരിഹാരം അകലെയല്ലെന്ന് പറയുവാനെ ഇവര്‍ക്ക് സാധിക്കുന്നുള്ളു.

സി പി ഐ (എം) സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ലയിലെത്തിയി ചില പരിഹാര ക്രിയകള്‍ക്ക് തുടക്കമിട്ടെങ്കിലും അത് ഫലപ്രദമായില്ല. ജില്ലയിലെ പാര്‍ട്ടിയുടെ മേല്‍ക്കൈ മാത്രമാണ് ബ്രഹ്മഗിരിയിലെ പൊതുധനത്തിന്റെ ധൂര്‍ത്ത് മുഖ്യചര്‍ച്ചയാവാത്തതിന്നുള്ള പ്രധാന ഹേതു. പ്രതിപക്ഷത്തെ പോലും നിശ്ചലമാക്കിയ CPM ആധിപത്യം എത്ര കാലം നീണ്ടു നില്‍ക്കുമെന്നത് പ്രവചനാതീതം.