മരണങ്ങള്‍ക്കും മുറിവുകള്‍ക്കും ഒരോ കാലത്തും ഓരോ പേരാണ്

Opinions

ചിന്ത / എ പ്രതാപന്‍

പോളണ്ടില്‍ നാസി അധിനിവേശകര്‍ക്കെതിരെ 1944 ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലായി അറുപത്തിമൂന്ന് ദിവസങ്ങള്‍ നീണ്ടു നിന്ന സായുധ ചെറുത്തു നില്‍പിനെയാണ് വാഴ്‌സ ഉയിര്‍ത്തെഴുന്നേല്‍പ് ( Warsaw Uprising) എന്നു വിളിക്കുന്നത്. പതിനായിരങ്ങള്‍ മരിച്ചു വീണു. പരാജയപ്പെട്ട ആ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഭാഗമായിരുന്നു പോളിഷ് കവി അന്നാ സ്വീര്‍. പോളിഷ് പ്രതിരോധ നിരയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകയായ നഴ്‌സ് ആയി അവര്‍ പ്രവര്‍ത്തിച്ചു. നാസികള്‍ അവരെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. ഫയറിങ് സ്‌ക്വാഡിന് മുന്നില്‍ 24 മണിക്കൂര്‍ ഇരുന്ന അവര്‍ ഭാഗ്യം കൊണ്ടും യാദൃശ്ചികത കൊണ്ടും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഏകദേശം മൂന്ന് പതീറ്റാണ്ടുകള്‍ക്ക് ശേഷം 1970 കളിലാണ് ആ കാലത്തെ, തന്റെ കവിതകളിലേക്ക് അവര്‍ കൊണ്ടുവരുന്നത്. ആ അറുപത്തിമൂന്നു ദിവസങ്ങളുടെ ഓര്‍മ്മകളും കാഴ്ചകളുമാണ് Building The Barricade, പ്രതിരോധത്തിന്റെ നിര്‍മ്മിതി, എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍. കുറച്ചു കാലമായി ഈ പുസ്തകം മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നില്ല. കഴിഞ്ഞ മാസം, സെപ്തംബര്‍, ഒടുവില്‍ ഒരു പുതിയ പതിപ്പ് പുറത്തിറങ്ങി. ലണ്ടനിലുള്ള ഒരു സുഹൃത്ത് അയച്ചു തന്നു.

ലോകം മരിച്ചു കൊണ്ടിരുന്ന ആ നാളുകളില്‍, മലവും മൂത്രവും പേറുന്ന രണ്ട് കൈകള്‍ മാത്രമായിരുന്നു താന്‍ എന്ന് ഒരു കവിതയില്‍ അവര്‍ എഴുതി. മരണങ്ങള്‍ക്കും മുറിവുകള്‍ക്കും ഓരോ കാലത്തും ഓരോ പേര്. അന്ന് വാഴ്‌സ എന്നു വിളിച്ചതിനെയാണ് ഇന്ന് ഗാസ എന്ന് നമ്മള്‍ വിളിക്കുന്നത്.

അന്നാ സ്വീറിന്റെയും
വാഴ്‌സയുടേയും
ഗാസയുടേയും
ഓര്‍മ്മക്ക്.

കവിത

നാശാവശിഷ്ടങ്ങളിലേക്ക് അവള്‍
താക്കോല്‍ എറിഞ്ഞു കളഞ്ഞു

അന്നാ സ്വീര്‍

ശേഷിച്ച ബിസ്‌ക്കറ്റുകള്‍ അവള്‍
മുതുകിലെ ബാഗിലേക്ക് വെച്ചു ,
അവസാനമായി വാതില്‍
താക്കോല്‍ കൊണ്ട് പൂട്ടി.

കുഞ്ഞിനെ കൈകളിലെടുത്തു ,
രണ്ടാമത്തതിന്റെ കൈ പിടിച്ചു.

കോണിപ്പടികളിലൂടെ
അവസാനത്തെ ഇറക്കം ഇറങ്ങി.
നാശാവശിഷ്ടങ്ങളിലേക്ക് അവള്‍
താക്കോല്‍ എറിഞ്ഞു കളഞ്ഞു.

വിവ : പ്രതാപന്‍