രാജ്യസഭ തെരഞ്ഞെടുപ്പിലും ഓപ്പറേഷന്‍ താമര: 56 സീറ്റുകളിൽ 30 എണ്ണം ബിജെപിക്ക്. ഹിമാചലിലും യുപിയിലും ഓപ്പറേഷൻ താമര വിരിഞ്ഞു. രണ്ടു സീറ്റുകൾ കാവിപ്പാർട്ടി അധികം നേടി

India

ഭരത് കൈപ്പാറേടൻ

ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ 30 എണ്ണവും ബി ജെ പി സ്വന്തമാക്കി. ഹിമാചൽ പ്രദേശിൽ കോൺഗ്രസ്സിന്റെയും യുപിയിൽ എസ്‌പി യുടെയും എംഎൽഎമാർ കൂറുമായതിനെ തുടർന്ന് ബിജെപിക്ക് രണ്ട് സംസ്ഥാനത്തും ഓരോ സീറ്റുകൾ അധികം ലഭിച്ചു.

ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ സ്വന്തം അംഗസംഖ്യ 97 ആയി. എൻഡിഎ സഖ്യത്തിന്റെ അംഗബലമാകട്ടെ 117 ആയി ഉയർന്നു. കേവല ഭൂരിപക്ഷത്തിന് ഇനി നാല് അംഗങ്ങളുടെ കുറവ് മാത്രമാണ് രാജ്യസഭയിൽ എൻഡിഎ സഖ്യത്തിനുള്ളത്.

ഓപ്പറേഷൻ താമരയുടെ ഫലമായി ക്രോസ് വോട്ടിംഗ് നടന്നതുമൂലം ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബിജെപിക്ക് അപ്രതീക്ഷിതമായി ഓരോ സീറ്റ് അധികം ലഭിച്ചത് ഇന്ത്യാ സഖ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

ബിജെപിക്ക് കിട്ടിയ മുപ്പതു സീറ്റുകളിൽ 20 എണ്ണം എതിരില്ലാതെയും 10 എണ്ണം വോട്ടെടുപ്പിലൂടെയുമാണ് അവർ നേടിയത്. ഇതോടെ 240 അംഗ സഭയിൽ 121 എന്ന കേവലഭൂരിപക്ഷത്തിന് വെറും നാല് എംപിമാരുടെ കുറവുമാത്രമാവും ഇനി NDA സഖ്യത്തിനുണ്ടാവുക.

97 അംഗങ്ങളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അഞ്ച് നോമിനേറ്റഡ് എംപിമാർ പാർട്ടിയിൽ ചേർന്നത് ഉൾപ്പെടെയാണിത്. 29 അംഗങ്ങളുമായി തൊട്ടുപിന്നിൽ കോൺഗ്രസ്സാണ് രണ്ടാം സ്ഥാനത്ത്.