തൃപ്പൂണിത്തുറ: ചിട്ടി സ്ഥാപനത്തില്‍ മുഖം മറച്ച് എത്തി ഉടമയെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന യുവതി അറസ്റ്റിലായി. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെ (36) യാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി മുളക് സ്പ്രേ അടിച്ചു സ്ഥാപന ഉടമയെ മര്‍ദിച്ച ശേഷം പണവും സ്വര്‍ണാഭരണവും കൈക്കലാക്കുകയായിരുന്നു.
പ്രീമിയര്‍ ചിട്ടി ഫണ്ട്സ് എന്ന ചിട്ടി സ്ഥാപനത്തില്‍ കഴിഞ്ഞ 21നായിരുന്നു കവര്‍ച്ച. രാവിലെ സ്ഥാപനം തുറന്നയുടന്‍ എത്തിയ ഫസീല ഉടമ കെ.എന്‍.സുകുമാര മേനോന്റെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. തുടര്‍ന്നു കസേര കൊണ്ട് മര്‍ദിക്കുകയും ചെയ്തു. മേശവലിപ്പില്‍ വച്ചിരുന്ന 10,000 രൂപയും ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാല്‍ പവന്‍ മാലയും കവര്‍ന്ന ശേഷം കടന്നു കളയുകയായിരുന്നു. തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലക്കാട് ഒറ്റപ്പാലത്തു കൂടത്തായി മോഡല്‍ കൊലപാതക ശ്രമത്തിനു കോടതി ശിക്ഷിച്ച കേസിലെ പ്രതിയാണു ഫസീല. കഴിഞ്ഞ ഏഴു വര്‍ഷമായി സുകുമാര മേനോന്റെ അയല്‍വാസിയാണ് ഇവരെന്നു പൊലീസ് പറഞ്ഞു.