നടി ഇഷ ആല്യയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്; ഭര്‍ത്താവ് അറസ്റ്റില്‍

Crime India

റാഞ്ചി: നടി ഇഷ ആല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രകാശ്കുമാര്‍ അറസ്റ്റില്‍. നേരത്തെ കവര്‍ച്ചക്കാരുടെ വെടിയേറ്റാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള നടി ഇഷ ആല്യ (റിയ കുമാരി) മരിച്ചതെന്നായിരുന്ന വാര്‍ത്ത. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് പ്രകാശ് കുമാര്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്ന നടിയെ ഹൗറ ഹൈവേയില്‍ വെച്ച് കവര്‍ച്ചക്കാര്‍ വെടിവെച്ചുകൊന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഭര്‍ത്താവ് പ്രകാശ് കുമാറിന്റെയും മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞിന്റെയും മുന്നില്‍വെച്ചായിരുന്നു ആക്രമണമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

നടിയെ ഭര്‍ത്താവ് പ്രകാശ് കുമാറും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രകാശ് കുമാറിന്റെ രണ്ടാം ഭാര്യയാണ് ഇഷ ആല്യ. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടിക്ക് വെടിയേറ്റത് പോയിന്റെ ബ്ലാങ്കില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു. വെടിയുണ്ടയുടെ ഷെല്ലുകള്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതോടെ കൊലപാതകത്തില്‍ പൊലീസിന്റെ സംശയമുന പ്രകാശ് കുമാറിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റ്.

ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. യഥാര്‍ത്ഥ പേര് റിയ കുമാരി എന്നാണ്. ഷോപ്പിംഗ് നടത്താനാണ് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *