”മഹിളാ മാപ്പിളകലോല്‍സവം”നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും

Malappuram

കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന മഹിളാ മാപ്പിള കലോല്‍സവം അഭിനേത്രി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. 2024 മാര്‍ച്ച് 2-ന് ശനിയാഴ്ച രാവിലെ 10-മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സറീനാ ഹസീബ്, അഡ്വ. ഷെറോണ റോയി, സുഭദ്ര ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിക്കും.

രാവിലെ 11.30-ന് തുടങ്ങുന്ന ”പെണ്ണാരവം” പരിപാടിയില്‍ സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളും ചേര്‍ന്ന് വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഉച്ചക്ക് രണ്ട് മണിക്ക് അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കവയിത്രീ സംഗമം എഴുത്തുകാരി അജിത്രി ഉദ്ഘാടനം ചെയ്യും.

മാപ്പിളപ്പാട്ട് രചയിതാക്കളായ വനിതകളുടെ സംസ്ഥാനതല ഒത്തുചേരലും സ്വന്തം രചനകളുടെ അവതരണവും പെണ്ണെഴുത്തില്‍ അരങ്ങേറും.
വൈകുന്നേരം 5.30-ന് തുടങ്ങുന്ന പെണ്ണരങ്ങ് പ്രശസ്ത നര്‍ത്തകി വി.പി. മന്‍സിയ ഉദ്ഘാടനം ചെയ്യും. റഹീന കൊളത്തറ ആമുഖഭാഷണം നടത്തും. കേരള ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം കലാകാരികള്‍ ഒരുക്കുന്ന ഒപ്പന, വനിതകളുടെ ദഫ് മുട്ട്, ഭരതനാട്യം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ പെണ്ണരങ്ങില്‍ അവതരിപ്പിക്കും.
രാത്രി 7.30-ന് തുടങ്ങുന്ന ”പെണ്ണിശല്‍” ഗാനമേള ഗായിക സിബില്ല സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഇശല്‍ കേരള കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗാനവിരുന്നില്‍ മുക്കം സാജിത, എം.കെ. ജയഭാരതി, ഇഷ്‌റത്ത് സബ, മുനീറ കെ.ടി.പി., നിസ അസീസി, അന്‍ഷിദ ജാസ്മിന്‍, ഹെന്ന ഫെബിന്‍, നാഷിദാ സലീം, കൃഷ്ണശ്രീ പൊന്നു തുടങ്ങിയവര്‍ പങ്കെടുക്കും.

മഹിളാ മാപ്പിള കലോല്‍സവത്തിന്റെ അടുത്ത പരിപാടിയായി സര്‍വ്വദേശീയ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വനിതാ സെമിനാര്‍ മാപ്പിളകലാ അക്കാദമിയില്‍ നടക്കും.