ഐ.ടിയടക്കമുള്ള നവ സാങ്കേതിക സംരംഭകരംഗത്ത് കോഴിക്കോടിന്‍റെ സാധ്യതകൾ വരച്ചുകാട്ടി കെ.ടി. എക്സ് 2024

Kozhikode

കോഴിക്കോട്: ഐ.ടിയടക്കമുള്ള നവ സാങ്കേതിക സംരംഭക
രംഗത്ത് കോഴിക്കോടിൻ്റെ സവിശേഷതകൾ ടെക്നോക്രാറ്റുകളും ബ്യൂറോക്രാറ്റുകളും ഒരേപോലെ എടുത്തു പറഞ്ഞത്, മലബാറിൻ്റെയും കോഴിക്കോടിൻ്റെയും സാധ്യതകളിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നതായി മാറി.
കെ.ടി. എക്സ് 2024 ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യത്തിന് തുടക്കം കുറിച്ചത്.

കോഴിക്കോടിൻ്റെ ടൂറിസ വികസനത്തിനായി 1200 കോടിരൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത് പൂർത്തിയാകുന്ന തോടുകൂടി ദൽഹി, ന്യൂദൽഹിയായി മാറിയതോടെ കോഴിക്കോട് 2030 ഓടെ ഒരു ന്യൂ കോഴിക്കോടായി മാറുമെന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് സംസാരിച്ച ടാറ്റാ ഐലക്സി എം.ഡി മനോജ് രാഘവൻ, ടാറ്റാ ഐലക്സി ഇവിടെ വന്നതിന് ശേഷമുള്ള തങ്ങളുടെ അനുഭവങ്ങളിലൂടെ പൂനൈ പോലുള്ള നഗരങ്ങളെക്കാൾ ഐ.ടി സംരംഭകർക്ക് ഈ ചെറിയ നഗരം എങ്ങനെ കൂടുതൽ ഫലപ്രദമാകുന്നുവെന്നത് വരച്ചുകാട്ടി. മൂന്നാലുകൊല്ലം കൊണ്ട് കൂടുതൽ വികസനം ഇവിടത്തെ ഓഫീസിനുണ്ടാക്കും. കൂടാതെ സി.എസ് ആറിൻ്റെ ഭാഗമായി കോഴിക്കോട് വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശേഷം സംസാരിച്ച ഗ്രാൻ്റ്റ് ടോംട്ടൺ ഭാരത് എൽ. എൽ.പി യുടെ രാമേന്ദ്ര വർമ്മ, കോഴിക്കോട് ഐ.ടി കമ്പനികൾക്ക് ഏറെ സാധ്യത നല്കുന്നതോടൊപ്പം ഓപറേഷൻ ചെലവുകളിൽ മുപ്പതു ശതമാനം വരെ കുറവെന്ന വലിയൊരു ഗുണം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. റിട്ടയേർഡ് ഐ. എ. എസുകാരനും കെ.എസ്. ഐ ടി എൽ എം.ഡിയുമായ ഡോ. സന്തോഷ് ബാബു, സംസ്കാരത്തിലും ഭക്ഷണത്തിലും സംഗീതത്തിലുമെല്ലാം വേറിട്ട കോഴിക്കാടിന് വിവര സാങ്കേതിക താ ഭൂപടത്തിലും കൂട്ടായ പരിശ്രമമുണ്ടായാൽ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരിടം കണ്ടെത്താനാകു
മെന്ന് പറഞ്ഞു.

മറ്റൊരു സിലിക്കൺ വാലിയായി മാറുവാൻ എല്ലാ വിധ സാധ്യതകളും പശ്ചാത്തല സൗകര്യങ്ങളുമുള്ള നഗരമാണ് കോഴിക്കോടെന്ന് കോഴിക്കോട് സൈബർ പാർക്ക് സി.ഇ. ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു. നമ്മൾ ഒത്തുപിടിച്ചാൽ അത് സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ സംസാരിച്ച ഐ.ഐ. എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജിയും മലബാർ ചേംബർ പ്രസിഡൻ്റ്റ് എം. മെഹ്ബൂബും മലബാറിൻ്റെയും കോഴിക്കോടിൻ്റെയും ഈ രംഗത്തെ അനന്ത സാധ്യതകളെക്കുറിച്ച് അധികാരികമായ പഠനങ്ങളടക്കം ഉദ്ധരിച്ചു കൊണ്ടും പ്രബുദ്ധമായ സദസ്സിന് മുന്നിൽ തങ്ങളുടെ വാദഗതികൾ സമർഥിച്ചപ്പോൾ, മലബാറിൻ്റെ ഐ.ടി രംഗത്ത് വരും കാലത്ത് പ്രവചിക്കാനാവാത്ത മുന്നേറ്റമെന്നത് ഒരു സ്വപ്നമല്ല യഥാർത്ഥ്യമാണെന്നത് തിരിച്ചറിയുകയായിരുന്നു ആയിരക്കണക്കിന് ഡെലിഗേറ്റുകളടങ്ങിയ സദസ്സ്.