എ വി ഫര്‍ദിസ്
കോഴിക്കോട്: അകക്കണ്ണിന്റെ ശക്തികൊണ്ട് അനുകരണ കലയില്‍ മിന്നുന്ന പ്രകടനവുമായി രണ്ട് ഭിന്നശേഷിക്കാര്‍ കലോത്സവ മത്സര വേദിയിലെത്തിയത് വേറിട്ട കാഴ്ചകളിലൊന്നായി. അന്തരിച്ച നോവലിസ്റ്റ് ടി പി രാജീവന്റെ ഓര്‍മക്കായി നാമകരണം ചെയ്ത ഗണപത് സ്‌കൂളിലെ പാലേരി നഗറിലായിരുന്നു ഹയര്‍സെക്കന്‍ഡറി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിമിക്രി മത്സരം.
പതിനാലു പേര്‍ പങ്കെടുത്ത ആണ്‍കുട്ടികളുടെ മത്സരത്തിനാണ് കാഴ്ചാ പരിമിതിയുള്ള ഭിന്ന ശേഷിക്കാരായ രണ്ട് കുട്ടികള്‍ മാറ്റുരക്കുവാനെത്തിയത്. വലിയ പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും തങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് മികച്ച പ്രകടനമാണ് ഇരുവരും നടത്തിയത്. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് വന്ന നജാഹ് അരീക്കോടും കാസര്‍ക്കോട്ടിനു വേണ്ടി മത്സരിക്കാനെത്തിയ വി അഭിഷേകുമാണ് ഈ മിടുക്കന്മാര്‍.
പത്താം വയസ്സില്‍ ഐ ഡ്രോ സെല്ലിസ് എന്ന രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട, അരീക്കോട് സുല്ലമുസ്സലാം ഹയര്‍സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നജാഹ്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലടക്കം പങ്കെടുത്ത നജാഹ് ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയത്. പ്രഭാതം മുതല്‍ പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിച്ച് തന്റെ മിമിക്രി
തുടങ്ങിയ ഈ മിടുക്കന്റെ ഏറ്റവും മികച്ച ഐറ്റങ്ങളിലൊന്ന് തിരമാല അടിക്കുമ്പോള്‍ അതിനെ കീറിമുറിച്ച് കടന്നുപോകുന്ന ബോട്ടിന്റെ ശബ്ദമായിരുന്നു. റൂമില്‍ ഒറ്റക്ക് അടച്ചിരിക്കുമ്പോള്‍, സ്വയം ചുറ്റുപാടിനെ ഇവന്‍ അനുകരിക്കുന്നതു കണ്ടാണ് നജാഹിലെ മിമിക്രികാരനെ കണ്ടെത്തിയതെന്ന് ഉമ്മ റുഖിയ പറഞ്ഞു.
മകന് കാഴ്ച നഷ്ടപ്പെട്ടതറിഞ്ഞതോടെ എല്ലാം തീര്‍ന്നുവെന്നാണ് എനിക്ക് തോന്നിയത്. പക്ഷേ എന്റെ കണ്ണുകള്‍ അവന്റെ കണ്ണായി മാറണമെന്ന് പടച്ചവന്‍ എനിക്ക് തോന്നിച്ചു തന്നതായി തോന്നി. അല്‍ഹംദുലില്ല ! ഇത്രയൊന്നും എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൈവത്തിന് നന്ദി പറഞ്ഞ് അവര്‍ പറഞ്ഞു. അലോപ്പതിയില്‍ നജാഹിന്റെ രോഗത്തിന് ചികിത്സയില്ല. ആയൂര്‍വേദ ചികിത്സ നടത്തുന്നുണ്ട്. ഇടയ്ക്ക് ചെറിയ പ്രതീക്ഷ കൈവന്നിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും റുഖിയ പറഞ്ഞു.
നാട്ടുകാരനായ മധുമാഷാണ് മിമിക്രിയിലെ ഗുരുനാഥന്‍. ബിസിനസ്സുകാരനായ ഉമ്മറാണ് പിതാവ്. കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചോടെ നജാ ഹെന്ന മിടുക്കന്‍ ഒരു ഗ്രന്ഥകാരന്‍ കൂടിയായി മാറി. ഇവന്റെ അനുഭവങ്ങളെല്ലാം സമാഹരിച്ച് വര്‍ണങ്ങള്‍ എന്ന അനുഭവ സമാഹാരം ഒലീവ് പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയടക്കം ഇത് കണ്ട് ഇവനെ അനുമോദിച്ചിരുന്നു. പഠനത്തിലും ഇവന്‍ മിടുക്കനാണെന്ന് ഒപ്പമെത്തിയ സ്‌കൂള്‍ പ്രധാന അധ്യപകന്‍ മുനീബ് പറഞ്ഞു.
കാസര്‍ക്കോട് ചെമ്മരത്തൂര്‍ ജി എച്ച് എസ് എസിലെ വി അഭിഷേകാണ് ഭിന്നശേഷിക്കാരുടെ അഭിമാന താരമായി മിമിക്രി മത്സര വേദിയില്‍ നല്ല പ്രകടനം കാഴ്ച വെച്ച മറ്റൊരാള്‍. ഒരു വ്യക്തിയുടെ രാവിലെ മുതല്‍ ഉള്ള ഒരു ദിനമാണ് അഭിഷേക് അവതരിപ്പിച്ചത്. 2018,19 ലും കലോത്സവത്തില്‍ പങ്കെടുത്ത ഈ മിടുക്കന് 19ല്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുമുണ്ട്. സ്‌കൂളിലെ തന്നെ നാരായണന്‍ മാഷാണ് ട്രെയിനര്‍. പൊതുവെ ഒരു ഹയര്‍സെക്കന്‍ഡറി നിലവാരത്തിലുള്ള പ്രകടനമുണ്ടാകാത്ത മത്സരമായിരുന്നു നടന്നത്. സ്ഥിരം നമ്പറുകള്‍ തന്നെയായിരുന്നു മിക്ക ആളുകളും അവതരിപ്പിച്ചത്. ഇതില്‍ അല്പം വേറിട്ട പ്രകടനം കാഴ്ചവെച്ചത് ആലത്തൂര്‍ ഗുരുകുലം ജി എച്ച് എസ് എസിലെ ആര്‍ ഹാഷിമായിരുന്നു.
പ്ലസ് ടു വിദ്യാര്‍ഥിയായ ഹാഷിമിന് 2018ല്‍ സംസ്ഥാന കലോത്സവത്തില്‍ ബി ഗ്രെയ്ഡും 19ല്‍ കാസര്‍ക്കോട്ട് ഏ ഗ്രേഡും നേടിയിരുന്നു. ഹെലിക്കോപ്റ്റര്‍, ജനറേറ്റര്‍, ഒ ടി ടി സ്ട്രീമിങ്ങിലെ സ്‌കൂഡ് ഗെയിം എന്നിവ ഹാഷിം അവതരിപ്പിച്ചപ്പോള്‍ ഏറെ കൈയ്യടിയാണ് സദസ്സില്‍ നിന്ന് കിട്ടിയത്. എട്ടാം ക്ലാസ്സ് മുതല്‍ മിമിക്രി ആഭ്യസിക്കുന്ന ഈ പതിനേഴുകാരന്റെ ഗുരു കുന്നംകുളം സനൂബ് അക്കിക്കാവ് ആണ്. കൊറോണയുടെ കടന്നുവരവ് മുതല്‍ അതിന്റെ അതിജീവനം വരെയുള്ള കാര്യങ്ങളാണ് ഹാഷിം അവതരിപ്പിച്ചത്. പണ്ട് സിനിമാ താരങ്ങളുടെ തല്ലായിരുന്നു മിമിക്രി വേദിയില്‍ എങ്കില്‍ ഇപ്പോഴത് ഫുഡ് ചാനല്‍ ഫിറോസടക്കമുള്ള യൂട്യൂബ് താരങ്ങളിലേക്ക് വഴിമാറുന്നുവെന്നതിനെ അടയാളപ്പെടുത്തുകയായിരുന്നു മിമിക്രി മത്സരം. എങ്കിലും ജനാര്‍ദ്ദനനും കെ പി ഉമ്മറുമെല്ലാം പുതിയ തലമുറക്കും അനുകരണത്തില്‍ ഇഷ്ടപ്പെട്ടവര്‍ തന്നെ. മത്സരത്തില്‍ ഏഴുപേര്‍ക്ക് ഏ ഗ്രെയ്ഡ് കിട്ടിയപ്പോള്‍
ഏഴു പേര്‍ക്ക് ബി ഗ്രെയ്ഡ് ആണ് ഉള്ളത്.