ഫറോഖ് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ സമുദായ നേതൃത്വവുമായി കൂടിയാലോചനകൾ തുടങ്ങി. സൗഹൃദ സന്ദർശനമാണെന്ന് ഇരുനേതാക്കളും പറയുമ്പോഴും പിന്തുണ ഉറപ്പാക്കുക തന്നെയാണ് ലക്ഷ്യം. യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ ടി സിദ്ധിഖ് എം എൽ എ, തുടങ്ങിയവർ കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചു.
ഞായറാഴ്ച രാത്രി 8 മണിയോടെ കടലുണ്ടി (വാക്കടവ് ) അബ്ദുല്ലകോയ മദനിയുടെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കളെ ടി പി അബ്ദുല്ലകോയ മദനി, കെ എൻ എം സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഐ എസ് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഇരു നേതാക്കളും ഒരു മണിക്കൂറോളം സംസാരിച്ചു.