ജിദ്ദ: വിശുദ്ധ റമദാനിനെ വരവേൽക്കുവാൻ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ആവശ്യമാണെന്നും സത്കർമ്മങ്ങൾ അധികരിപ്പിക്കുവാൻ മാനസികമായി തയ്യാറെടുക്കണമെന്നും മുജീബ് റഹ്മാൻ സ്വലാഹി പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ ‘റമദാനൊരുക്കം’ പരിപാടിയിൽ ‘റമദാനിന്റെ ചൈതന്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാൻ, ഓരോ റമദാനും തന്റെ അവസാനത്തെ റമദാനായിരിക്കുമോഎന്ന ചിന്തയോട് കൂടിയായിരിക്കണം വിശ്വാസിയുടെ റമദാൻ എന്നും, റമദാനിലെ നന്മകൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
റമദാനിലെ നന്മ തടയപ്പെടാതിരിക്കുവാനും സൽപ്രവർത്തനങ്ങൾ അധികരിപ്പിക്കുവാനും വിശ്വാസികൾ ശ്രദ്ദിക്കേണ്ടതുണ്ട്. ന്യൂനതകൾ മനുഷ്യ സഹജമാണ്, തെറ്റുകളെ നിയന്ത്രിക്കുവാനും തിന്മകളിൽ നിന്നകന്നു നിൽക്കുവാനും പരിശ്രമിക്കണം, വീടും പരിസരവും വൃത്തിയാക്കി റമദാനിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മനസിലെ മാറാലകളെ കൂടി തൂത്ത് കളയാൻ നാം പരിശ്രമിക്കണം. സോഷ്യൽ മീഡിയ നമ്മുടെ സമയം കവർന്നെടുക്കുന്നത് ശ്രദ്ദിക്കുകയും അവയ്ക്ക് സമയ നിയന്ത്രണം കൊണ്ടുവരികയും ചെയ്‌താൽ റമദാൻ അർത്ഥപൂർണ്ണമാക്കിയെടുക്കുവാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
‘റമദാനിന്റെ കർമ്മശാസ്ത്രം’ എന്ന വിഷയത്തിൽ ലിയാഖത്ത് അലിഖാൻ സംസാരിച്ചു. നന്മകൾ പരമാവധി നേടിയെടുക്കുവാൻ റമദാൻ കൊണ്ട് സാധിക്കേണ്ടതുണ്ടെന്നും പ്രതിഫലചിന്തയോടു കൂടി ആരാധനാ കർമ്മങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാൻ എളുപ്പമാണെന്നും അന്നപാനീയങ്ങൾ ഉപേക്ഷിച്ചത്കൊണ്ട് മാത്രം വ്രതം പൂർത്തീകരിക്കപ്പെടില്ലെന്നും പ്രവർത്തനങ്ങളെ അതിനനുസരിച്ചു ക്രമപ്പെടുത്തിയാൽ മാത്രമേ നോമ്പ് ഫലവത്താവുകയുള്ളൂ എന്നും ലിയാഖത്ത് അലി ഖാൻ പറഞ്ഞു. ഇസ്‌ലാമിലെ ആരാധനാ കർമ്മങ്ങൾ വളരെ ലളിതമാണെന്നും കർമ്മങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകളിലുള്ള അജ്ഞതയാണ് ആരാധനകളെ പ്രയാസകരമാക്കി തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്മകൾ വർധിപ്പിച്ചുകൊണ്ട്, ആരാധനകളിൽ കൃത്യത വരുത്തി, ഖുർആൻ പാരായണത്തിൽ ശ്രദ്ധ ചെലുത്തി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ ശ്രദ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഷറഫുദ്ദീൻ മേപ്പാടി പരിപാടി നിയന്ത്രിച്ചു.