കോഴിക്കോട്: ഭിന്നശേഷി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വിജയഗാഥയുമായി കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്ക് കോളേജ്. പോളിയിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്സ് (ഹിയറിങ്ങ് ഇമ്പയേർഡ്) അവസാന വർഷ ബാച്ചിലെ 15 വിദ്യാർത്ഥികൾക്കാണ് ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം പ്ലേസ്‌മെന്റ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.
ബംഗ്ലൂരുവിലെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനും (എൻ.ടി.ടി.എഫ്) ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) ചേർന്നാണ് സംസാരശേഷിയില്ലാത്തതും കേൾവിക്കുറവുള്ളതുമായ 15 വിദ്യാർത്ഥികൾക്ക് ഓയിൽ ഗ്യാസ് ഫീൽഡിൽ ആറ് മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം ജോലി വാഗ്ദാനം ചെയ്തത്. ഇവരോടൊപ്പം പോളിയിലെ തന്നെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാത്ത 30 വിദ്യാർത്ഥികൾക്കും ഇതേ ഓഫർ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഭിന്നശേഷി ബാച്ചിലെ 10 പേർ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിക്ക് കയറിയിരുന്നു. മറ്റ് അഞ്ച് പേർക്ക് ഉന്നത സ്ഥാപനങ്ങളിൽ പരിശീലനത്തിനും അവസരം ലഭിച്ചു.
പഠനത്തോടൊപ്പം ജോലിയും ഉറപ്പുവരുത്തിയാണ് വെസ്റ്റ്ഹിൽ പോളിടെക്നിക്ക് കോളേജ് മാതൃക തീർക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സിന് ശേഷം ഉന്നത പഠനത്തിനും ജോലിക്കും ഇന്റേൺഷിപ്പിനുമുള്ള അവസരം നൽകി കുട്ടികളെ ജീവിതത്തിലെ ഉയർന്ന തലങ്ങളിലേക്ക് അധ്യാപകർ കെെപിടിച്ചുയർത്തുന്നു.
2012 ലാണ് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി സ്പെഷ്യൽ ക്ലാസുകൾ തുടങ്ങുന്നത്. കാസർക്കോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ നിന്നായി 49 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 80 ശതമാനത്തിന് മുകളിൽ കേൾവിക്കുറവുള്ള കുട്ടികൾക്കാണ് സ്പെഷ്യൽ ബാച്ചിൽ പ്രവേശനം. ഈ നിബന്ധനയൊഴിച്ചാൽ സാധാരണ വിദ്യാർത്ഥികൾ പഠിക്കുന്ന അതേ സിലബസാണ് ഇവരും പഠിക്കുന്നത്. പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനവാണ് വിദ്യാർത്ഥികൾ കാഴ്ചവെക്കുന്നത്. അധ്യാപകർ, ലാബ് അറ്റന്റർ, ഇന്റർപ്രട്ടർ ഉൾപ്പെടെ ഒൻപത് പേരാണ് വകുപ്പിലുള്ളത്.
കേൾവിക്കുറവും സംസാരശേഷിയുമില്ലാത്തതിനാൽ പഠനം പൂർത്തിയായാലും വിദ്യാർത്ഥികളെ ജോലിക്ക് എടുക്കാൻ പലരും വിമുഖത കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലേസ്മെന്റ് ഓപ്ഷനിലൂടെ കൂട്ടികൾക്ക് ജോലി ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവി ഡോ. ജൗഹർ അലി പറഞ്ഞു.
ഇപ്പോൾ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് (എച്ച്.ഐ) കോഴ്സിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് പോളിടെക്‌നിക് പ്രിൻസിപ്പാൾ പി കെ അബ്ദുൾ സലാമും പറയുന്നു. കോഴ്സിന് സ്വീകാര്യത ഏറി വരുന്നതാണ് സീറ്റുകളുടെ ആറിരട്ടിയോളം അപേക്ഷകൾ വരാൻ കാരണം. വിദ്യാർത്ഥികൾക്ക് മികച്ച പഠനം ലഭ്യമാക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം ഉൾപ്പെടെ നൽകിവരുന്നുണ്ട്.
സ്പെഷ്യൽ ബാച്ചിലാണ് പ്രവേശനമെങ്കിലും സാധാരണ വിദ്യാർത്ഥികളോടൊപ്പമുള്ള ഇടപെടൽ ഭിന്നശേഷി വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
വെസ്റ്റ്ഹില്ലിന് പുറമേ കളമശ്ശേരി പോളിടെക്നിക്, തിരുവനന്തപുരത്തെ വനിതാ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലാണ് കമ്പ്യൂട്ടർ സയൻസ് (ഹിയറിങ്ങ് ഇമ്പയേർഡ്) സ്പെഷ്യൽ ബാച്ചുകൾ ഉള്ളത്.