ഹയർ സെക്കന്‍ററി മൂല്യനിർണ്ണയം ആരംഭിക്കുന്നത് ഏപ്രിൽ മൂന്നിലേയ്ക്ക് മാറ്റണം: എ.എച്ച്.എസ്.ടി.എ

Wayanad

കല്പറ്റ: ഹയർ സെക്കന്ററി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നതായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുള്ളത്. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്ക് ഈസ്റ്റർ ദിവസം ക്യാമ്പിൽ ഹാജരാകണം. ഏപ്രിൽ 1 ന് തന്നെ മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള സർക്കാർ നീക്കമാണ് ഈ ദുസ്ഥിതിയ്ക്ക് കാരണം.26 ന് മാത്രമാണ് പരീക്ഷകൾ അവസാനിക്കുക. ആ പേപ്പറുകൾ 27, 28 തീയതികളായിട്ടേ ക്യാമ്പുകളിൽ എത്തിച്ചേരുകയുള്ളൂ. ഏപ്രിൽ 1 ന് ക്യാമ്പ് തുടങ്ങുകയാണെങ്കിൽ മാർച്ച് 30 ശനി , 31 ഞായർ (ഈസ്റ്റർ ദിനം ) എന്നീ ദിവസങ്ങളിലും ചുമതലയുള്ള അദ്ധ്യാപകർ ക്യാമ്പിലെത്തണം. കടുത്ത വേനൽ ചൂടിൽ പരീക്ഷാ എഴുത്തും നടത്തിപ്പും തന്നെ അധ്യാപകർക്കും കുട്ടികൾക്കും അത്യന്തം ദുഷ്ക്കരമായിരിക്കുകയാണ്. അതിനോടൊപ്പമാണ് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുവാൻ കഴിയാത്തതിൻ്റെ വ്യഥയും. രണ്ടാം വർഷ മൂല്യനിർണ്ണയം പൂർത്തിയാക്കാൻ പരമാവധി പത്ത് പ്രവർത്തി ദിനങ്ങൾ മാത്രം മതി എന്നിരിക്കെ ധൃതിയിൽ ഏപ്രിൽ 1 മുതൽ മൂല്യ നിർണ്ണയം ആരംഭിക്കേണ്ട സാഹചര്യം നിലവിലില്ല. പത്താം ക്ലാസ്സിന്റെ മൂല്യ നിർണ്ണയം ഏപ്രിൽ 3 മുതൽ മാത്രമേ ആരംഭിക്കുന്നുള്ളു. അതുപോലെ പ്ലസ്ടു മൂല്യ നിർണ്ണയവും ആരംഭിക്കുന്നത് ഏപ്രിൽ മൂന്നിലേയ്ക്ക് മാറ്റണം എന്ന് എ.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ഹയർ സെക്കന്ററി പരീക്ഷാ സെക്രട്ടറിയ്ക്കും കൈമാറിയതായി സംസ്ഥാന സെക്രട്ടറി ബിനീഷ് കെ ആർ, ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ്, സെക്രട്ടറി സജി വർഗീസ്, നോബിൾ ജോസ് എന്നിവർ അറിയിച്ചു.