കോഴിക്കോട്: നൊച്ചാട് സ്വദേശി അനുവിനെ കൊന്ന കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ (49) കൊടുംകുറ്റവാളി. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലായി 55ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍. ബലാത്സംഗം, മോഷണം പിടിച്ചുപറി എന്നിവയാണ് മിക്കതും.
അനുവിന്റേത് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് 26കാരിയായ അനുവിനെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പ്രതിയെ കുടുക്കിയത്. യുവതിയുടെ ശ്വാസകോശത്തില്‍ ചെളിവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അനുവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഇങ്ങനെ: കണ്ണൂര്‍ മട്ടന്നൂരില്‍ എത്തിയ പ്രതി അവിടെ നിന്നും ഒരു ചുവന്ന ബൈക്ക് മോഷ്ടിച്ചു. മലപ്പുറത്തേക്കുള്ള യാത്രാമധ്യേ പിടിച്ചു പറി നടത്താനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ യോജിച്ച അവസരങ്ങളൊന്നും ലഭിച്ചില്ല.
പേരാമ്പ്ര കഴിഞ്ഞപ്പോള്‍ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴിയേ ബൈക്ക് തിരിച്ച് വിട്ടു. തോട്ടിന്‍ കരയിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അനു അതിവേഗത്തില്‍ നടന്നു വരുന്നത് കാണുന്നത്. അനുവിനെ കടന്നുപോയ പ്രതി ബൈക്ക് തിരിച്ച് പിറകേ വരികയും വാഹനത്തില്‍ കയറുന്നോ എന്ന് ചോദിക്കുകയും ചെയ്തു.
അസുഖ ബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തിരക്കിട്ട് നടന്ന അനു ബൈക്കില്‍ കയറി. കുറച്ച് മുന്നോട്ട് പോയ പ്രതി വാട്ടര്‍ ടാങ്കിനടുത്ത് ബൈക്ക് നിര്‍ത്തി. മൂത്രം ഒഴിച്ച് വരാമെന്ന് പറഞ്ഞ് പോയ പ്രതി തിരിച്ച് വന്ന് അനുവിനെ തോട്ടിലേക്ക് ചവിട്ടി തള്ളിയിട്ടു.
വെളളത്തില്‍ വീണ അനുവിനെ പുറത്ത് ചവിട്ടി പിടിച്ചു. കൈകൊണ്ട് തല വെള്ളത്തില്‍ മുക്കി മരണം ഉറപ്പ് വരുത്തി. ആദ്യം താലിമാല ഊരിയെടുത്ത പ്രതി പിന്നാലെ ബ്രേസ്ലെറ്റും മോതിരങ്ങളും പാദസരവും ഊരിയെടുത്തു. കമ്മല്‍ പക്ഷേ ഊരാന്‍ കഴിഞ്ഞില്ല. അരഞ്ഞാണം ഉണ്ടോ എന്നറിയാനാണ് അടിവസ്ത്രം താഴ്ത്തിയത്. മോഷ്ടിച്ച സ്വര്‍ണവുമായി കൊണ്ടോട്ടിയിലെത്തിയ പ്രതി പിടിക്കപ്പെടില്ല എന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ബൈക്ക് പോയ വഴി കേന്ദ്രീകരിച്ച് നടത്തിയ പൊലീസിന്റെ അന്വേഷണമാണ് പ്രതിയിലെത്തിയത്. കൊണ്ടോട്ടിയിലെത്തിയ പേരാമ്പ്ര പൊലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പല തരത്തിലുള്ള മാരാകായുധങ്ങളും പ്രതിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്