ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കുരുക്ക് മുറുക്കി കേന്ദ്രം. വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തയ്യാറെടുത്തിരിക്കുകയാണ്. മാസപ്പടി വിവാദത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടതായാണ് വിവരം. വീണ വിജയന്റെ എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനാണ് തീരുമാനം.
ബംഗളുരു രജിസ്ട്രാര്‍ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കണ്ടെത്തിയിരുന്നു. പിന്നാലെ കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
നാല് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ഈ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ കൂടുതല്‍ അന്വേഷണവും നടപടിയും ഉണ്ടാകും.