കോഴിക്കോട്: ലോക മുസ്ലിം സംഘടനയായ മക്കയിലെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വതുൽ ആലമിൽ ഇസ് ലാമി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്നും നാളെയും (,ഞായർ, തിങ്കൾ ) മക്കയിൽ നടക്കും. ഇസ്ലാമിലെ വിവിധ അഭിപ്രായ ധാരകൾക്കിടയിൽ സഹകരണത്തിൻ്റെ പാത കെട്ടിപ്പടുക്കുക എന്നതാണ് സമ്മേളന പ്രമേയം. ഇസ്ലാമിക ലോകത്ത് നില നിൽക്കുന്ന വ്യത്യസ്ഥ ചിന്താധാരകളും കർമ്മ ശാസ്ത്ര സരണികളും മനസ്സിലാക്കി വൈജ്ഞാനിക തലത്തിൽ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മതപ്രബോധന രംഗം ശാന്തമായ നിലയിൽ നിലനിർത്തണമെന്ന ആശയമാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുക.
സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം നടക്കുന്ന സമ്മേളനത്തിൽ സൗദി ഗ്രാൻ്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്, റാബിത്വ ജനറൽ സെക്രട്ടരി ഡോ.മുഹമ്മദ് അബ്ദുൽ കരീം ഈ സാ തുടങ്ങിവരുൾപ്പെടെ മുപ്പതോളം പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും.
രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ഇരുപത്തിയഞ്ച് പ്രബന്ധങ്ങൾ അവതരിച്ച് ചർച്ചക്ക് വിധേയമാക്കും. പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഐക്യദാർഢ്യ സെഷനും സമ്മേളനത്തിൻ്റെ പ്രത്യേകതയാണ്.
സമ്മേളനത്തിൽ പങ്കെടുക്കാനായി കെ.എൻ.എം. ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ മക്കയിലേക്ക് പുറപ്പെട്ടു.