കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങന്മാര്‍ പങ്കെടുക്കുന്നതിനെ സമസ്ത വിലക്കിയിട്ടില്ലെന്നും എതിര്‍ ആദര്‍ശക്കാരുടെ സമ്മേളനത്തില്‍ സമസ്തയുടെ വക്താക്കളായ അവര്‍ പങ്കെടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് അവര്‍ പോകാത്തതാണെന്നും സമസ്ത നേതാക്കള്‍. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സമസ്ത ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയും നാസര്‍ ഫൈസി കൂടത്തായിയും ഇക്കാര്യം വ്യക്തമാക്കിയത്.
സമസ്തയുടെ ആദര്‍ശനേതൃനിരയിലുള്ളവര്‍ ഇതര ആദര്‍ശ പ്രസ്ഥാനങ്ങളുമായി യോജിച്ച് പോകരുതെന്ന് മുന്‍പേ നിര്‍ദേശമുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി സമസ്തയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ല. അവരുടെ രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമായി പങ്കെടുത്തതാകാം. നാട്ടിലുള്ള എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്യുക ഞങ്ങളുടെ പണിയല്ല. സമസ്താശയങ്ങളുടെ മുന്നില്‍ നില്ക്കുന്നവര്‍ പങ്കെടുക്കുവാന്‍ പാടില്ല എന്ന നിര്‍ദേശം മുന്‍പെ ഉള്ളതാണെന്നും ഇവര്‍ പറഞ്ഞു.
മുജാഹിദ്, ജമാഅത്ത് എന്നിവരോടൊപ്പം ലീഗ് പോലുള്ളവര്‍ സമുദായത്തിന്റെ പൊതു വിഷയത്തില്‍ എടുക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുകയെന്നതാണ് സമസ്തയുടെ നയമെന്നും ഇവര്‍ പറഞ്ഞു. സമസ്തയുടെ ആദര്‍ശ സമ്മേളനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കും.
സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പൊതുസമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുള്ള മുസ്ലിയാര്‍, പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം കെ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എം സി മായിന്‍ ഹാജി,
എം പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം സി മായിന്‍ ഹാജി, കെ മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.