കോട്ടയം: തോട്ടില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനത്ത് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ 13കാരി ഹെലന്റെ മൃതദേഹമാണ് കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഏകദേശം 25 കിലോമീറ്റര്‍ മാറി കണ്ടെത്തിയത്. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ മകളാണ് ഹെലന്.
മീനച്ചിലാറ്റില്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ടുവരുന്ന വഴിയില്‍ രണ്ട് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഹെലന്റെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.