ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്ളൈ 91 ഐ ബി എസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍

Business

തിരുവനന്തപുരം: ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്ളൈ 91 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഗോള യാത്രാ വ്യവസായത്തിലെ മുന്‍നിര സാസ് സൊല്യൂഷന്‍സ് ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ 91 (ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്) ഇന്ത്യയിലെ അപ്രധാന റൂട്ടുകളിലൂടെയുള്ള റോഡ്, റെയില്‍ യാത്രകള്‍ക്ക് ബദല്‍ വ്യോമമാര്‍ഗം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ലളിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുന്ന സോഫ്റ്റ് വെയര്‍ അധിഷ്ഠിത റിസര്‍വേഷന്‍ രീതിയാണ് ഫ്ളൈ 91 ന് വേണ്ടി ഐബിഎസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഐബിഎസിന്‍റെ ആധുനിക ഓമ്നി-ചാനലായ ഐഫ്ളൈറെസ് കൊമേഴ്സ് പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതിലൂടെ വിപുലമായ എപിഐകളും കാര്യക്ഷമമായ റൂള്‍സ് എഞ്ചിനും നല്‍കുന്ന ഉപഭോക്തൃ അനുഭവം ഫ്ളൈ 91 ന് സാധ്യമാകും. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ നിരക്കുകള്‍ നല്‍കുന്നതിനും ബദല്‍ ഗതാഗത മാര്‍ഗങ്ങളുമായി മത്സരാധിഷ്ഠിത നിരക്ക് ഉറപ്പാക്കുന്നതിനും സഹായിക്കും. കൂടാതെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ബന്ധിപ്പിക്കാനും ഗതാഗത സേവനങ്ങള്‍ കുറഞ്ഞ ഉള്‍പ്രദേശങ്ങളിലേക്കുള്ള റൂട്ടുകളും സേവനങ്ങളും ഒരുക്കാനും ഫ്ളൈ 91 ന് ഈ പ്ലാറ്റ് ഫോമിലൂടെ സാധിക്കും.

അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ഫ്ളൈ 91 ന് അതിന്‍റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുകയെന്നും അതാണ് ഐബിഎസുമായുള്ള പങ്കാളിത്തത്തില്‍ അവരെ എത്തിച്ചതെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗൗതം ശേഖര്‍ പറഞ്ഞു. ഫ്ളൈ 91 ന്‍റെ ദീര്‍ഘവീക്ഷണമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഐബിഎസിനെ പങ്കാളികളാക്കിയതില്‍ സന്തോഷമുണ്ട്. ദശലക്ഷക്കണക്കിന് യാത്രികര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതില്‍ ഫ്ളൈ 91 നെ ഐബിഎസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുഖകരവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഫ്ളൈറ്റുകള്‍ എത്തിക്കാനാണ് ഫ്ളൈ 91 ശ്രമിക്കുന്നതെന്ന് സിടിഒ പ്രസന്ന സുബ്രഹ്മണ്യം പറഞ്ഞു. സങ്കീര്‍ണതകള്‍ ഒഴിവാക്കി എളുപ്പത്തില്‍ റിസര്‍വേഷന്‍ സാധ്യമാകുന്നതിലാണ് യാത്രികര്‍ക്ക് താത്പര്യം. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള സേവനം നല്‍കുന്നതിലും യാത്രാചെലവ് കുറയ്ക്കുന്നതിനുള്ള ഇടപെടലിലും ഫ്ളൈ 91 ശ്രദ്ധവയ്ക്കുന്നു. ഇതിന് ഐബിഎസുമായുള്ള പങ്കാളിത്തം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്‍റിന്‍റെ റീജിയണല്‍ കണക്റ്റിവിറ്റി സ്കീം ആയ ഉഡാന് കീഴില്‍ ആദ്യ സെറ്റ് റൂട്ടുകള്‍ ഫ്ളൈ 91 ഇതിനകം നേടിയിട്ടുണ്ട്. സര്‍വീസ് കുറവുള്ള പ്രാദേശിക വിമാനത്താവളങ്ങളില്‍ കുറഞ്ഞത് 50 പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങാനും ഏകദേശം 1,000 പുതിയ പ്രാദേശിക റൂട്ടുകള്‍ പുറത്തിറക്കാനുമാണ് ഫ്ളൈ 91 ഉദ്ദേശിക്കുന്നത്.

നേരത്തെ എമിറേറ്റ്സ് എയര്‍ലൈന്‍സ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, അമേരിക്കന്‍ എക്സ് പ്രസ്, എസ്ഒടിസി, ഡബ്ല്യുഎന്‍എസ് എന്നിവിടങ്ങളില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മനോജ് ചാക്കോ (സിഇഒ) ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരാണ് ഫ്ളൈ 91 സ്ഥാപിച്ചത്. 2024 മാര്‍ച്ച് 18-ന് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച ഫ്ളൈ 91 ന്‍റെ ഹോം ബേസ് ഗോവയിലെ മനോഹര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ്. ടര്‍ബോപ്രോപ്പ് എടിആര്‍ 72-600 വിമാനങ്ങളാണ് ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.